തൃശൂർ: പി ബാലചന്ദ്രൻ എംഎൽഎയുടെ രാമായണവുമായി ബന്ധപ്പെട്ട വിവാദ ഫേസ്ബുക്ക് പോസ്റ്റിൽ നടപടിയുമായി പോലീസ്. എംഎൽഎയ്‌ക്കെതിരെ നൽകിയ പരാതിയിൻമേൽ ആണ് തൃശൂർ സിറ്റി പോലീസ് കേസെടുത്തത്. എംഎൽഎയുടെ പരാമർശം വിവാദമായതിന് പി്‌നനാലെ സിപിഐ വിശദീകരണം തേടിയിരുന്നു. ജില്ലാ എക്സിക്യുട്ടിവിൽ നേരിട്ടെത്തി വിഷയത്തിൽ വിശദീകരണം നൽകണമെന്നാവശ്യപ്പെട്ട് പാർട്ടി ജില്ലാ സെക്രട്ടറിയാണ് എംഎൽഎയ്ക്ക് കത്ത് നൽകിയത്.
കഴിഞ്ഞ ദിവസമാണ് എംഎൽഎ സാമൂഹിക മാദ്ധ്യമത്തിൽ വിവാദമായ കുറിപ്പ് പങ്കുവെച്ചത്. രാമായണത്തിലെ കഥാപാത്രമായ സീത, രാമനും ലക്ഷ്മണനും ഇറച്ചിയും പോറോട്ടയും വിളമ്പി കൊടുത്തു എന്ന് തുടങ്ങുന്ന ബാലചന്ദ്രന്റെ പോസ്റ്റായിരുന്നു വിവാദമായത്.പിന്നാലെ നിരവധി പേർ എംഎൽഎയ്ക്കെതിരെ കടുത്ത ഭാഷയിൽ പ്രതികരിക്കുകയും ചെയ്തു. സംഭവം വിവാദമായതോടെ പി ബാലചന്ദ്രൻ പോസ്റ്റ് പിൻവലിച്ചിരുന്നു. തുടർന്ന് ഫേസ്ബുക്കിലൂടെ തന്നെ എംഎൽഎ ഖേദ പ്രകടനവും നടത്തിയിരുന്നു.
‘രാമൻ ഒരു സാധുവായിരുന്നു, കാലിൽ ആണിയുണ്ടായിരുന്നത് കൊണ്ട് എടുത്തു ചാട്ടക്കാരനായിരുന്നില്ല. ഒരു ദിവസം ലക്ഷ്മണൻ ഇറച്ചിയും പോറോട്ടയും കൊണ്ടുവന്നു.’ എംഎൽഎയുടെ പോസ്റ്റിൽ പറയുന്നു. ‘ചേട്ടത്തി സീത മൂന്ന് പേർക്കും വിളമ്പി, അപ്പോൾ ഒരു മാൻ കുട്ടി അതുവഴി വന്നു. സീത പറഞ്ഞു. രാമേട്ടാ അതിനെ കറി വെച്ച് തരണം. രാമൻ മാനിന്റെ പിറകേ ഓടി. മാൻ മാരിയപ്പൻ എന്ന ഒടിയനായിരുന്നു. മാൻ രാമനെ വട്ടം കറക്കി വഴി തെറ്റിച്ചു നേരം പോയ്. ലക്ഷ്മണൻ ഇറച്ചി തിന്ന കൈ നക്കി ഇരിക്കുകയാണ്. സീത പറഞ്ഞു ടാ തെണ്ടി നക്കിയും നോക്കിയും ഇരിക്കാതെ രാമേട്ടനെ പോയ് നോക്ക്. എട്ടും പൊട്ടും തിരിയാത്ത അദ്ദേഹത്തെ കൊണ്ടുവാ’ എന്നായിരുന്നു പോസ്റ്റിൽ പറഞ്ഞിരുന്നത്.
Discussion about this post