കൊച്ചി: മുഷ്താഖ് അലി ട്വന്റി20 ടൂര്‍ണമെന്റില്‍ കേരളം സൂപ്പര്‍ ലീഗില്‍ പ്രവേശിച്ചു. പഞ്ചാബിനെ അഞ്ചു വിക്കറ്റിന് തോല്പിച്ചാണ് കേരളം സൂപ്പര്‍ ലീഗിലെത്തിയത്. ആവേശം നിറഞ്ഞ മത്സരത്തില്‍ ഒരു പന്ത് ശേഷിക്കേയാണ് കേരളം വിജയറണ്‍ കുറിച്ചത്. കളമശ്ശേരി സെന്റ് പോള്‍സ് കോളേജ് ഗ്രൗണ്ടില്‍ നടന്ന മത്സരത്തില്‍ പഞ്ചാബ് ഉയര്‍ത്തിയ 136 റണ്‍സ് വിജയലക്ഷ്യം കേരളം 19.5 ഓവറില്‍ അഞ്ച് വിക്കറ്റ് നഷ്ടത്തില്‍ മറികടന്നു.
ടൂര്‍ണമെന്റില്‍ തോല്‍വിയറിയാത്ത കേരളം തുടര്‍ച്ചയായ അഞ്ചാം ജയത്തോടെയാണ് അടുത്ത ഘട്ടത്തിലേക്ക് പ്രവേശിച്ചത്. അഞ്ച് മത്സരങ്ങളില്‍ 20 പോയന്റുമായി ബി ഗ്രൂപ്പില്‍ ഒന്നാമതാണ് ടീം ഇപ്പോള്‍.
സ്കോര്‍: പഞ്ചാബ് 135/7 (20); കേരളം 139/5 (19.5). യുവരാജിന്റെ അര്‍ധസെഞ്ച്വറിക്ക് അതേ നാണയത്തില്‍ മറുപടി നല്കിയ സഞ്ജുവാണ് കേരളത്തിന്റെ വിജയ ശില്പി. സഞ്ജു 56 പന്തില്‍ 72 റണ്‍സെടുത്തു. ആറ് ബൗണ്ടറികളും മൂന്ന് സിക്സും സഞ്ജുവിന്റെ ബാറ്റില്‍ നിന്ന് പിറന്നു. മുഹമ്മദ് അസ്ഹറുദ്ദീന് (25) ജഗദീഷ് (16*) എന്നിവരാണ് കേരളത്തിന്റെ മറ്റു പ്രധാന സ്കോറര്‍മാര്‍.
Discussion about this post