ന്യൂഡൽഹി/ തിരുവനന്തപുരം: ജനപക്ഷം സെക്യുലർ നേതാവ് പി.സി ജോർജ് ബിജെപിയിൽ. ഡൽഹിയിലെ ബിജെപി ആസ്ഥാനത്ത് എത്തിയാണ് അദ്ദേഹം പാർട്ടിയിൽ അംഗത്വം സ്വീകരിച്ചത്. അദ്ദേഹത്തിന്റെ മകൻ ഷോൺ ജോർജും ബിജെപിയിൽ ചേർന്നു. ഇതോടെ ജനപക്ഷം സെക്യുലർ ബിജെപിയിൽ ലയിച്ചു.
കേന്ദ്രമന്ത്രി രാജീവ് ചന്ദ്രശേഖറും, ബിജെപി കേരള പ്രഭാരി പ്രകാശ് ജാവദേക്കറും ചേർന്നാണ് പി.സി ജോർജിനെ സ്വാഗതം ചെയ്തത്. ഇരുവരും ചേർന്ന് അദ്ദേഹത്തെ ഷാൾ അണിയിച്ചു. ഇതിന് പിന്നാലെ അദ്ദേഹം മാദ്ധ്യമങ്ങളെ കണ്ടു. വൈകീട്ട് കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷാ, ബിജെപി ദേശീയ അദ്ധ്യക്ഷൻ എന്നിവരുമായി പി.സി ജോർജ് കൂടിക്കാഴ്ച നടത്തും.
കഴിഞ്ഞ ദിവസമാണ് ബിജെപിയിൽ ജനപക്ഷം സെക്യുലർ ലയിക്കുന്ന വിവരം പി.സി ജോർജ് ഔദ്യോഗികമായി പുറത്തുവിട്ടത്. ബിജെപിയിൽ ചേരണമെന്നാണ് അണികളുടെ പൊതുവികാരം എന്നും ലോക്‌സഭാ തിരഞ്ഞെടുപ്പിന് മുൻപ് ഇക്കാര്യത്തിൽ ഒരു തീരുമാനം ഉണ്ടാകുമെന്നുമായിരുന്നു അദ്ദേഹത്തിന്റെ പ്രതികരണം.
Discussion about this post