കൊൽക്കൊത്ത: സി പി എമ്മുമായി കോൺഗ്രസ് കാണിക്കുന്ന ബന്ധമാണ് താൻ അവരുമായി പിണങ്ങാൻ ഉണ്ടായ യഥാർത്ഥ കാരണം എന്ന് വ്യക്തമാക്കി ബംഗാൾ മുഖ്യമന്ത്രി മമതാ ബാനർജി. കോൺഗ്രസിന് തൃണമൂൽ ഒരു സീറ്റും നൽകില്ലെന്നും, തൃണമൂൽ കോൺഗ്രസ് ഒറ്റയ്ക്ക് ഇലക്ഷനെ നേരിടുമെന്നും മമതാ ബാനർജി ഏതാനും ദിവസം മുമ്പ് വെളിപ്പെടുത്തിയിരുന്നു. ഇതിനു കാരണം കോൺഗ്രസിന്റെ ബംഗാളിൽ നിന്നുള്ള നേതാവ് അധീർ രഞ്ജൻ ചൗധരിയും തൃണമൂലും തമ്മിലുള്ള വാക് പോരാണെന്ന് കരുതപെട്ടിരുന്നുവെങ്കിലും അതല്ല യഥാർത്ഥ കാരണം എന്ന് വെളിപ്പെട്ടിരിക്കുകയാണ് മമത ബാനർജിയുടെ ഇന്നത്തെ പ്രസ്താവനയിലൂടെ
സി പി ഐ എം അവരുടെ നേതാവെന്ന രീതിയിലാണ് പെരുമാറുന്നത്. ആ പാർട്ടി ബംഗാളിൽ നടത്തിയ കൊടിയ പീഡനങ്ങൾ അവർ ഇത്ര പെട്ടെന്ന് മറന്നോ ? അവർ മറന്നാലും അത് ഞാൻ മറക്കില്ല. പശ്ചിമ ബംഗാളിലെ ജനങ്ങളെ ഒരു കാലത്ത് കൊടിയ പീഡനങ്ങൾക്ക് ഇരയാക്കിയ ഇടതുപാർട്ടിയോട് ഒരിക്കലും ക്ഷമിക്കാൻ തനിക്ക് കഴിയില്ലെന്നും മമത ബാനർജി പറഞ്ഞു.
സിപിഎമ്മിനോട് ഞാൻ ഒരിക്കലും പൊറുക്കില്ല, സിപിഐ എമ്മിനെ പിന്തുണയ്ക്കുന്നവരോടും ക്ഷമിക്കില്ല. മമത ബാനർജി പറഞ്ഞു
Discussion about this post