ഇസ്ലാമാബാദ്: പത്താന്‍കോട്ട് വ്യോമസേന താവളത്തിലുണ്ടായ ഭീകരാക്രമണത്തെക്കുറിച്ചുള്ള പാക്ക് അന്വേഷണത്തിന് യുഎസിന്റെ പിന്തുണ. യുഎസ് സ്റ്റേറ്റ് സെക്രട്ടറി ജോണ്‍ കെറി പാക്കിസ്ഥാന് പ്രധാനമന്ത്രി നവാസ് ഷെരീഫിനെ ഫോണില്‍ വിളിച്ച് പിന്തുണ അറിയിച്ചതായി പാക് പ്രധാനമന്ത്രിയുടെ ഓഫിസ് പുറത്തിറക്കിയ വാര്‍ത്താക്കുറിപ്പില്‍ പറയുന്നു.
ഭീകരാക്രമണം സംബന്ധിച്ചുളള യാഥാര്‍ത്ഥ്യം ഉടന്‍ പുറത്തുകൊണ്ടുവരുമെന്നും, വളരെ വേഗത്തിലാണ് അന്വേഷണം നടക്കുന്നതെന്നും നവാസ് ഷെരീഫ് ജോണ്കെറിയോട് പറഞ്ഞു. സത്യസന്ധമായ രീതിയിലും ത്വരിതഗതിയിലുമാണ് അന്വേഷണം നടക്കുന്നതെന്ന് നവാസ് ഷെരീഫ് പറഞ്ഞു.
അന്വേഷണം പൂര്‍ത്തിയാകുന്നതിലൂടെ ഇക്കാര്യത്തിലെ ഞങ്ങളുടെ സത്യസന്ധതയെ ലോകം മനസ്സിലാക്കുമെന്നും ഷെരീഫ് പറഞ്ഞു. ഭീകരവാദം ഉയര്‍ത്തുന്ന വെല്ലുവിളികളെക്കുറിച്ചും ഇരുനേതാക്കളും തമ്മില്‍ സംസാരിച്ചതായും പാക്ക് പ്രധാനമന്ത്രിയുടെ ഓഫിസ് പുറത്തിറക്കിയ പ്രസ്താവനയില്‍ പറയുന്നു.
പത്താന്‍കോട്ടില്‍ നടന്ന ആക്രമണവുമായി ബന്ധപ്പെട്ട് പാകിസ്താനിലെ ഭീകരവാദ സംഘടനയ്ക്ക് ബന്ധമുണ്ടെന്നുളള തെളിവുകള്‍ കഴിഞ്ഞദിവസം ഇന്ത്യ പാകിസ്താന് കൈമാറിയിരുന്നു. തുടര്‍ന്ന് നവാസ് ഷെരീഫ് അന്വേഷണം പ്രഖ്യാപിക്കുകയും, തെളിവുകള്‍ രഹസ്യാന്വേഷണ വിഭാഗം തലവന്‍ കൈമാറുകയും ചെയ്തിരുന്നു.
Discussion about this post