റാഞ്ചി: ഭൂമി തട്ടിപ്പുമായി ബന്ധപ്പെട്ട കള്ളപ്പണം വെളുപ്പിക്കൽ കേസിൽ ഇഡിയുടെ അറസ്റ്റിലായതിന് പിന്നാലെ പ്രതികരണവുമായി ഹേമന്ദ് സോറൻ. പോരാട്ടം തുടരുമെന്ന് അദ്ദേഹം പറഞ്ഞു. അറസ്റ്റിന് തൊട്ട് പിന്നാലെ അദ്ദേഹത്തിന്റെ ഔദ്യോഗിക ട്വിറ്റർ അക്കൗണ്ടിലാണ് പ്രതികരണം പ്രത്യക്ഷപ്പെട്ടത്.
സാഹിത്യകാരനായ ശിവമംഗൽ സിംഗ് സുമന്റെ കവിതയിലെ ഏതാനും വരികൾ പങ്കുവച്ചായിരുന്നു ഹേമന്ദ് സോറന്റെ പ്രതികരണം. അറസ്റ്റ് ചെയ്തതു കൊണ്ടൊന്നും തോൽവി സമ്മതിയ്ക്കാൻ പോകുന്നില്ല. പോരാട്ടം ഇനിയും തുടരുമെന്നും അദ്ദേഹം ട്വിറ്ററിൽ കുറിച്ചു.
കള്ളപ്പണം വെളുപ്പിക്കൽ കേസിൽ ഇന്നലെ രാത്രിയാണ് ഹേമന്ദ് സോറനെ ഇഡി അറസ്റ്റ് ചെയ്തത്. ഇതിന് മുന്നോടിയായി അദ്ദേഹത്തെ മണിക്കൂറുകളോളം ചോദ്യം ചെയ്തിരുന്നു. ഇതിൽ നിന്നും നിർണായക വിവരങ്ങൾ ലഭിച്ചതോടെ അദ്ദേഹത്തെ കസ്റ്റഡിയിൽ എടുക്കുകയായിരുന്നു.
കസ്റ്റഡിയോടെ അറസ്റ്റ് ഉറപ്പിച്ച ഹേമന്ദ് സോറൻ ഗവർണറെ കണ്ട് രാജിക്കത്ത് കൈമാറി. ഇഡി ഉദ്യോഗസ്ഥർക്കൊപ്പം എത്തിയായിരുന്നു രാജിക്കത്ത് കൈമാറിയത്. നിലവിലെ ഗതാഗതമന്ത്രി ചാമ്പായ് സോറൻ ആണ് പുതിയ മുഖ്യമന്ത്രി.
അതേസമയം ഹേമന്ദ് സോറനെ ഇന്ന് കോടതിയിൽ ഹാജരാക്കും. റാഞ്ചിയിലെ പ്രത്യേക പിഎംഎൽഎ കോടതിയിൽ ആണ് ഹാജരാക്കുക. കൂടുതൽ ചോദ്യം ചെയ്യലിനായി അദ്ദേഹത്തെ ഇഡി കസ്റ്റഡിയിൽ വാങ്ങും. ഇതിനായുള്ള അപേക്ഷയും ഇന്ന് സമർപ്പിക്കും.
Discussion about this post