ന്യൂഡൽഹി: അയോദ്ധ്യയിലെ രാമക്ഷേത്ര പ്രാണപ്രതിഷ്ഠയെ അപലപിച്ച് സമൂഹമാദ്ധ്യമത്തിൽ പരാമർശം നടത്തിയതിന് പിന്നാലെ കോൺഗ്രസ് നേതാവ് മണി ശങ്കർ അയ്യർക്കും മകൾ സൗരണ്യ അയ്യർക്കും വസതിയൊഴിയാൻ നോട്ടീസ്. നിലവിൽ താമസിക്കുന്ന വീടൊഴിയണമെന്ന് ആവശ്യപ്പെട്ട് റസിഡൻസ് വെൽഫയർ അസോസിയേഷൻ ആണ് നോട്ടീസ് നൽകിയത്. സംഭവത്തിൽ കോൺഗ്രസ് നേതാവിനെതിരെ രൂക്ഷമായ വിമർശനവും പ്രതിഷേധവും ഉയരുന്ന സാഹചര്യത്തിലാണ് നടപടി.
ഡൽഹിയിലെ ജാംഗ്പുരയിലാണ് ഇരുവരും താമസം. അസോസിയേഷന് കീഴിൽ താമസിക്കുന്നവരുടെ വികാരം വ്രണപ്പെടുത്തുകയും സമാധാന അന്തരീക്ഷം തകർക്കുകയും ചെയ്തുവെന്ന് ചൂണ്ടിക്കാട്ടിയാണ് നോട്ടീസ് നൽകിയിരിക്കുന്നത്. കോളനിയിലെ സമാധാന അന്തരീക്ഷം തകർക്കുന്നതോ, താ താമസക്കാരുടെ മതവികാരം വ്രണപ്പെടുത്തുന്നതോ ആയ ഒന്നും അനുവദിക്കാൻ കഴിയില്ലെന്നും നോട്ടീസിൽ അസോസിയേഷൻ വ്യക്തമാക്കുന്നു.
പരാമർശത്തിലൂടെ രാമക്ഷേത്ര പ്രാണപ്രതിഷ്ഠയോട് പ്രതിഷേധിക്കുകയാണ് നിങ്ങൾ ചെയ്തത് എങ്കിൽ അസോസിയേഷന് കൂടുതൽ കാര്യങ്ങൾ പറയാനില്ല. അതിനാൽ എത്രയും വേഗം ഇവിടുത്തെ വീടൊഴിഞ്ഞ് മറ്റൊരു കോളനിയിലേക്ക് മാറേണ്ടതാണ്. ഇത്തരം കാര്യങ്ങളോട് കണ്ണടച്ച് ഇരിക്കാൻ ഇവിടുത്തെ ആളുകൾക്ക് കഴിയില്ലെന്നും നോട്ടീസിൽ അസോസിയേഷൻ കൂട്ടിച്ചേർക്കുന്നു. ജനുവരി 20നാണ് പ്രാണപ്രതിഷ്ഠയെ അപലപിച്ച് ഇരുവരും ഫേസ്ബുക്ക് പോസ്റ്റിട്ടത്.
Discussion about this post