ന്യൂഡൽഹി: ജ്ഞാൻവാപി മന്ദിരത്തിൽ ഹിന്ദുക്കൾക്ക് ആരാധന അനുവദിച്ചതിനെതിരെ സുപ്രീംകോടതിയെ സമീപിച്ച് അൻജുമാൻ ഇന്തസാമിയ മസ്ജിദ് കമ്മിറ്റി. ആരാധനയ്ക്ക് അനുമതി നൽകികൊണ്ടുള്ള ഉത്തരവ് റദ്ദാക്കണമെന്ന് ആവശ്യപ്പെട്ട് ഹർജി നൽകി. ഇന്നലെയാണ് ജ്ഞാൻവാപിയിൽ ആരാധന നടത്താൻ ഹിന്ദുക്കൾക്ക് അനുമതി നൽകികൊണ്ട് വാരണാസി ജില്ലാ കോടതി ഉത്തരവിട്ടത്.
സുപ്രീംകോടതി അവധിക്കാല രജിസ്ട്രാർക്കാണ് ഹർജി സമർപ്പിച്ചിരിക്കുന്നത്. ഹർജിയിൽ ഉടൻ വാദം കേൾക്കണമെന്ന് കമ്മിറ്റി ആവശ്യപ്പെട്ടിട്ടുണ്ട്. വാരണാസി ഭരണകൂടം ഹിന്ദു വിഭാഗത്തിനൊപ്പം നിൽക്കുന്നുവെന്നാണ് ഹർജിയിലെ പ്രധാന ആരോപണം. ജില്ലാ കോടതി വിധി പ്രസ്താവിച്ചതിന് തൊട്ട് പിന്നാലെ തന്നെ ജില്ലാ ഭരണകൂടം ഇതിനായുള്ള പ്രവർത്തനങ്ങൾ ആരംഭിച്ചുവെന്ന് ഹർജിയിൽ പറയുന്നു. ഏഴ് ദിവസത്തെ സാവകാശം കോടതി അനുവദിച്ചിട്ടുണ്ട്. എന്നാൽ രാത്രി തന്നെ മന്ദിരത്തിന് ചുറ്റും പോലീസിനെ വിന്യസിയ്ക്കുകയും ആരാധനയ്ക്ക് സൗകര്യം ഒരുക്കുന്നതിന് വേണ്ടി ഗ്രില്ലുകൾ പൊളിച്ചു മാറ്റുകയും ചെയ്തു. വാരണാസി ജില്ലാ ഭരണകൂടം ഹിന്ദു വിഭാഗങ്ങൾക്കൊപ്പമാണ് നിലകൊള്ളുന്നത്. അതുകൊണ്ടാണ് തിടുക്കത്തിൽ പ്രവർത്തനങ്ങൾ ആരംഭിച്ചതെന്നും ഹർജിയിൽ ചൂണ്ടിക്കാട്ടുന്നുണ്ട്.
അതേസമയം കോടതി ഉത്തരവ് പ്രകാരം ഹിന്ദുക്കൾ ജ്ഞാൻവാപിയിൽ ആരാധന നടത്തി. മന്ദിരത്തിന് താഴെയുള്ള നിലവറകൾക്ക് മുൻപിലാണ് ആരാധന നടത്തിയത്. കാശി ട്രസ്റ്റ് നിയോഗിച്ച പൂജാരിയുടെ നേതൃത്വത്തിൽ ആയിരുന്നു പൂജ. വരും ദിവസങ്ങളിലും ആരാധന തുടരും.
ആർക്കിയോളജിക്കൽ സർവ്വേ ഓഫ് ഇന്ത്യ നടത്തിയ പരിശോധനയിൽ ജ്ഞാൻ വാപി മന്ദിരം ക്ഷേത്രം ആയിരുന്നതിന്റെ തെളിവുകൾ ലഭിച്ചിരുന്നു. ഇതിന്റെ അടിസ്ഥാനത്തിലാണ് കോടതി ഹിന്ദുക്കൾക്ക് ആരാധന നടത്താൻ അനുമതി നൽകിയത്.
Discussion about this post