ഇസ്ലാമാബാദ്: രാജ്യത്തെ ജനങ്ങൾക്ക് വീണ്ടും ഇരുട്ടടി നൽകി പാകിസ്താൻ സർക്കാർ. പെട്രോൾ, ഡീസൽ വില വർദ്ധിപ്പിച്ചു. പുതിയ വില വ്യാഴാഴ്ച മുതൽ പ്രാബല്യത്തിൽ വരുമെന്ന് സർക്കാർ അറിയിച്ചു. നിലവിൽ അവശ്യസാധനങ്ങളുടെ വിലക്കയറ്റത്തിൽ നട്ടം തിരിയുകയാണ് പാകിസ്താനിലെ ജനങ്ങൾ. ഇതിനിടെയാണ് ഇന്ധന വില വർദ്ധിപ്പിച്ചുകൊണ്ടുള്ള സർക്കാർ നടപടി.
പെട്രോളിന് 13.55 പാകിസ്താൻ രൂപയും, ഡീസലിന് 2. 75 രൂപയുമാണ് സർക്കാർ വർദ്ധിപ്പിച്ചത്. നേരത്തെ രാജ്യത്ത് ഒരു ലിറ്റർ പെട്രോളിന് 259.34 രൂപയായിരുന്നു വില. 13 രൂപ വർദ്ധിച്ചതോടെ ഇത് 272.69 രൂപ ആയി. ഒരു ലിറ്റർ പെട്രോളിന് 276 രൂപയായിരുന്നു നേരത്തെ വില. ഇത് ഇപ്പോൾ 278.96 രൂപയാണ്.
ഓയിൽ ആന്റ് ഗ്യാസ് റെഗുലേറ്ററി അതോറിറ്റിയുടെ നിർദ്ദേശ പ്രകാരമാണ് ഇന്ധന വില വർദ്ധിപ്പിച്ചത്. കഴിഞ്ഞ ദിവസം തന്നെ ഇതുമായി ബന്ധപ്പെട്ട അറിയിപ്പ് സർക്കാർ പുറത്തുവിട്ടിരുന്നു. വരും ദിവസങ്ങളിലും സമാന രീതിയിൽ പെട്രോൾ ഡീസൽ വിലയിൽ വർദ്ധനവ് ഉണ്ടാകുമെന്നാണ് സൂചന.
നിലവിൽ രാജ്യത്ത് ഇന്ധന ക്ഷാമം രൂക്ഷമാണ്. ഇതേ തുടർന്നാണ് വില വർദ്ധിപ്പിച്ചത്. ഇന്ധനത്തിനായി പ്രധാനമായും പാകിസ്താൻ ആശ്രയിക്കുന്നത് മിഡിൽ ഈസ്റ്റിനെയാണ്. എന്നാൽ ഇസ്രായേൽ- ഹമാസ് പോരാട്ടത്തിന്റെ പശ്ചാത്തലത്തിൽ മിഡിൽ ഈസ്റ്റുമായുള്ള ബന്ധം വഷളായിരുന്നു.












