തിരുവനന്തപുരം: ഇടക്കാല ബജറ്റും സമ്പൂർണ ബജറ്റും തമ്മിൽ വലിയ വ്യത്യാസമുണ്ടെന്ന് സംസ്ഥാന കമ്മിറ്റി അംഗം സന്ദീപ് ജി വാര്യർ. സമ്പൂർണ ബജറ്റ് അവതരിപ്പിക്കേണ്ടത് പുതിയ സർക്കാരാണ്. ഇടക്കാല ബജറ്റ് എന്ന നിലയില് അടുത്ത ബജറ്റ് വരെയുള്ള വരവും ചിലവുമാണ് അവതരിപ്പിക്കുക. അടുത്ത സർക്കാരിനു സാമ്പത്തിക ബാധ്യതയാകാവുന്ന പോളിസി മാറ്റേഴ്‌സ് ഇടക്കാല ബജറ്റിൽ അവതരിപ്പിക്കാൻ കഴിയില്ല. ഇടക്കാല ബജറ്റും സമ്പൂർണ്ണ ബജറ്റും തമ്മിലുള്ള വ്യത്യാസം, ഇടക്കാല ബജറ്റ് ചെറിയ കാലഘട്ടത്തിലേക്കുള്ള നിർമ്മിതി ആണെന്നതാണ്. തിരഞ്ഞെടുപ്പ് കമ്മീഷന്റെ കോഡ് ഓഫ് കണ്ടക്ട് പ്രകാരം വോട്ടർമാരെ സ്വാധീനിക്കാവുന്ന സുപ്രധാന പദ്ധതികളുടെ പ്രഖ്യാപനം ഇടക്കാല ബജറ്റിൽ സാധ്യമല്ലെന്നും അദ്ദേഹം വ്യക്തമാക്കി.
മോദി സർക്കാരിനു കീഴിൽ രാജ്യത്തെ ടാക്‌സ് ബേസ് വളർന്നു. അടിസ്ഥാന സൗകര്യ വികസനത്തിലും ഡിജിറ്റൽ ഇന്ഫ്രാസ്ട്രക്ചറിലും ഇന്ത്യ നടത്തിയ കുതിപ്പിനു പിന്നിൽ നരേന്ദ്ര മോദിയുടെ ദീർഘവീക്ഷണവും നേതൃത്വഗുണവും തന്നെയാണ്. നന്ദി നരേന്ദ്രമോദി എന്ന് കേരളവും പറയും. പറഞ്ഞതെല്ലാം പാലിച്ച മോദിയുടെ ഗ്യാരൻറിയിൽ ലോകം വിശ്വസിക്കുന്നുവെന്നും അദ്ദേഹം തന്റെ ഫേസ്ബുക്ക് പോസ്റ്റിൽ കുറിച്ചു.
പോസ്റ്റിന്റെ പൂർണ്ണ രൂപം
ഇന്ന് ധനമന്ത്രി നിർമ്മല സീതാരാമൻ അവതരിപ്പിക്കുന്നത് ഒരു ഇടക്കാല ബജറ്റ് ആണ്. സമ്പൂർണ്ണ ബജറ്റ് പുതിയ സർക്കാരാണ് അവതരിപ്പിക്കേണ്ടത്. ഇടക്കാല ബജറ്റ് എന്ന നിലയില് അടുത്ത ബജറ്റ് വരെയുള്ള വരവും ചിലവും ആയിരിക്കും മുഖ്യമായി അവതരിപ്പിക്കുക.
അടുത്ത സർക്കാരിനു സാമ്പത്തിക ബാധ്യതയാകാവുന്ന പോളിസി മാറ്റേഴ്‌സ് ഇടക്കാല ബജറ്റിൽ അവതരിപ്പിക്കാൻ കഴിയില്ല.
തെരഞ്ഞെടുപ്പ് കമ്മീഷന്റെ കോഡ് ഓഫ് കണ്ടക്ട് പ്രകാരം വോട്ടർമാരെ സ്വാധീനിക്കാവുന്ന സുപ്രധാന പദ്ധതികളുടെ പ്രഖ്യാപനം ഇടക്കാല ബജറ്റിൽ സാധ്യമല്ല.
ഇടക്കാല ബജറ്റിനു ശേഷം വോട്ട് ഓൺ എക്കൌണ്ട് പാസാക്കണം. അതിന്റെ കാലാവധി രണ്ട് മാസമാണ്. സർക്കാരിനു നിർബന്ധമായി ചിലവാക്കേണ്ട തുകകൾ ചിലവക്കാനുള്ള പാർലമെന്റിന്റെ അംഗീകാരമാണ് വോട്ട് ഓൺ എക്കൌണ്ട്. ഇടക്കാല ബജറ്റും സമ്പൂർണ്ണ ബജറ്റും തമ്മിലുള്ള വ്യത്യാസം ഇടക്കാല ബജറ്റ് ചെറിയ കാലഘട്ടത്തിലേക്കുള്ള നിർമ്മിതി ആണെന്നതാണ്.
മോദി സർക്കാരിനു കീഴിൽ രാജ്യത്തെ ടാക്‌സ് ബേസ് വളർന്നു. ഇൻകം ടാക്‌സ് റിട്ടേൺ സമർപ്പിക്കുന്നവരുടെ എണ്ണം മൂന്നേകാൽ കോടിയിൽ നിന്ന് ഏട്ടേകാൽ കോടിയായി വളർന്നു.
2023 ജനുവരിയിലേതിനാക്കാൾ 10 ശതമാനം വളർച്ചയാണ് 2024 ജനുവരിയിലെ ജിഎസ്ടിയിൽ കാണിക്കുന്നത്. 172129 കോടി രൂപയാണ് ജിഎസ്ടി ഇനത്തിൽ പിരിച്ചെടുത്തത്. ഇത് റെക്കോഡാണ്.
16.69 ലക്ഷം കോടി രൂപയാണ് ജിഎസ്ടി ഇനത്തിൽ കഴിഞ്ഞ വർഷം പിരിച്ചെടുത്തത്. ഇതിൽ 11 ശതമാനം വളർച്ചയാണ് നേടിയത്. അതിലുമേറെ ജിഎസ്ടി കൊണ്ടുവന്നത് പുതിയ തൊഴിൽ സാധ്യതകൾ കൂടിയാണ്. മര്യാദക്ക് നികുതിയടച്ച് വ്യാപാരം ചെയ്യാൻ സമൂഹം പരുവപ്പെട്ടതോടെ കണക്കെഴുതാൻ ജോലിക്കാരെ ആവശ്യമായി വന്നു. ഇന്ന് നാട്ടിൽ കൂണു പോലെ മുളച്ചു പൊന്തിയ കൊമേഴ്‌സ് ഇന്സ്റ്റിറ്റിയൂട്ടുകൾ ജിഎസ്ടിയുടെ ഭാഗമായുണ്ടായ പുതിയ തൊഴിൽ സാധ്യത കാരണമാണ്. മാത്രമല്ല ചരക്ക് നീക്കത്തിൽ തടസ്സമായിരുന്ന ആയിരക്കണക്കിനു ചെക്ക് പോസ്റ്റുകളെ ഒറ്റയടിക്ക് ഇല്ലാതാക്കി കോടിക്കണക്കിനു രൂപയും വിലപ്പെട്ട സമയവും ലാഭിച്ചു.
കഴിഞ്ഞ പത്തുവർഷ്ത്തിൽ ബിഎസ്ഇയും നിഫ്റ്റിയും നേടിയത് 150% വർദ്ധനവാണ്. ബിഎസ്ഇയിൽ ലിസ്റ്റ് ചെയ്ത കമ്പനികളുടെ ഓവർആൾ മാർക്കറ്റ് കാപ്പിറ്റലൈസേഷൻ 195 ലക്ഷം കോടി രൂപ കടന്നു, മൂന്നിരട്ടിയാണ് വർദ്ധിച്ചത്.
പത്ത് വർഷം മുമ്പ് രാജ്യത്താകെ നൂറ് സ്റ്റാർട്ട് അപ്പുകൾക്കടുത്താണ് ഉണ്ടായിരുന്നതെങ്കിൽ ഇന്നത് ഒരു ലക്ഷം കവിഞ്ഞു. അതിൽ തന്നെ നൂറിലധികം സ്റ്റാർട്ട് അപ്പുകൾ യൂണികോണുകളായി മാറി. അതായത് ഒരു ബില്യൺ ഡോളറിലധികം വാർഷിക വിറ്റുവരവുള്ളവ. അത് സൂചിപ്പിക്കുന്നത് വിമർശകർ പറയുന്നത് പോലെ രാജ്യത്തുണ്ടായ സാമ്പത്തിക കുതിപ്പിൻറെ നേട്ടം കേവലം അദാനിക്കും അംബാനിക്കും മാത്രമല്ല ലഭിച്ചത്, ഈ നാട്ടിലെ പാവപ്പെട്ട കർഷക കുടുംബത്തിൽ പിറന്ന് കഷ്ടപ്പെട്ട് പഠിച്ച് എഞ്ചിനീയർമാരും മാനേജ്‌മെൻറ് വിദഗ്ദരുമൊക്കെയായി മാറിയ നമ്മുടെ യുവാക്കളും ആ സാമ്പത്തിക മുന്നേറ്റത്തിൽ പങ്കാളികളായി. അവർ പാകിയ വിത്ത് മുളച്ചുണ്ടായ കമ്പനികളും ഏതാനും വർഷങ്ങൾക്കുള്ളിൽ വൻകിട കോർപ്പറേറ്റുകളായി മാറി എന്ന് ചുരുക്കം.
ഐഎംഎഫിന്റെ കഴിഞ്ഞ മാസം വന്ന മാക്രോ എക്കണോമിക് അവലോകന റിപ്പോർട്ടിൽ പറയുന്നത് ഇന്ത്യ സ്റ്റാർ പെർഫോർമർ ആണെന്നും ലോക ജിഡിപി വളർച്ചയുടെ 16% സംഭാവന ഇന്ത്യയുടെ ആയിരിക്കുമെന്നുമാണ്. ഈ വളർച്ചയുടെ കാരണമായി ഐഎംഎഫ് ചൂണ്ടിക്കാണിക്കുന്നത് ഇന്ഫ്രാസ്ട്രക്ചർ രംഗത്തും ഡിജിറ്റലൈസേഷൻ രംഗത്തും ഇന്ത്യ നടത്തുന്ന കുതിപ്പാണ്. ഐഎംഎഫ് പുറത്ത് വിട്ട ഏറ്റവും പുതിയ പ്രൊജക്ഷൻ പ്രകാരം 2024ൽ പ്രതീക്ഷിച്ചതിനേക്കാൾ കൂടൂതൽ സാമ്പത്തിക വളർച്ച ഇന്ത്യ നേടുമെന്നാണ്. 6.7 ശതമാനം വളർച്ചയാണ് ഐഎംഎഫ് പ്രവചിക്കുന്നത്. ഈ വളർച്ച 2025ലും 2026ലും തുടരുമെന്നും ഐഎംഎഫ് പ്രവചിക്കുന്നു.
അടിസ്ഥാന സൌകര്യ വികസനത്തിലും ഡിജിറ്റൽ ഇന്ഫ്രാസ്ട്രക്ചറിലും ഇന്ത്യ നടത്തിയ കുതിപ്പിനു പിന്നിൽ നരേന്ദ്ര മോദിയുടെ ദീർഘവീക്ഷണവും നേതൃത്വഗുണവും തന്നെയാണ്. ഡിജിറ്റലൈസേഷനെ എല്ലാവരും കളിയാക്കിയതല്ലേ? രാജ്യത്തെ രണ്ട് സ്വയം പ്രഖ്യാപിത സാമ്പത്തിക ശാസ്ത്രഞന്മാരാണ് ഡിജിറ്റൽ എക്കണോമിയെ കളിയാക്കിയത്. ഒന്ന് ചിദംബരം, രണ്ട് തോമസ് ഐസക്ക്. തെരുവിലെ കച്ചവടക്കാരനു മൊബൈൽ ഉപയോഗിക്കാനറിയാമോ, പിഓഎസ് വയ്ക്കാൻ വൈദ്യുതിയുണ്ടോ , ഏഴ് രൂപ നാൽപ്പത് പൈസക്ക് പച്ചക്കറി വിറ്റാൽ ഡിജിറ്റൽ ആയി പൈസ കൊടുക്കാൻ പറ്റുമോ …. ഓർമ്മയില്ലേ? ആരാണ് ശരി ആരാണ് തെറ്റ് എന്നത് കാലം തെളിയിച്ചില്ലേ?
ഡിജിറ്റൽ എക്കണോമിയായുള്ള ഇന്ത്യയുടെ പരിവർത്തനത്തിനു പിറകിൽ നമ്മുടെ യുവ ഗവേഷകരുടെ സംഭാവനയുണ്ടായിരുന്നു എന്ന കാര്യം വിസ്മരിച്ചുകൂടാ. യുപിഐ എന്ന യൂണിഫൈഡ് പെയ്‌മെൻറ് ഇൻറർഫെയ്‌സ് പൂർണ്ണമായും ഭാരതത്തിൻറെ തദ്ദേശീയ സാങ്കേതിക വിദ്യയാണ്. ഇന്നത് ലോകം മുഴുവൻ ഏറ്റെടുക്കുന്നു. നമ്മുടെ ചെറുപ്പക്കാരുടെ കണ്ടുപിടുത്തങ്ങളോട്, നമ്മുടെ ശാസ്ത്ര സമൂഹത്തോട് എന്നും കോൺഗ്രസ്സിനും സിപിഎമ്മിനുമൊക്കെ പുച്ഛഛമായിരുന്നല്ലോ. അതുകൊണ്ടാണല്ലോ ഇന്ത്യൻ നിർമ്മിത കൊവാക്‌സിനു നിലവാരമില്ല , ഞങ്ങൾക്ക് വിദേശ വാക്‌സിൻ മതി എന്നിവിടെ നിലവിളിച്ചിരുന്നത്. ഓർമ്മയില്ലേ കോവാക്‌സിൻ വിതരണം ചെയ്യാതെ ആദ്യ ആഴ്ചകളിൽ കേരളത്തിൽ കെട്ടിപ്പൂട്ടി വച്ചത് ? രാഹുൽ ഗാന്ധി ഇന്ത്യൻ നിർമ്മിത വാക്‌സിനു പകരം വിദേശ വാക്‌സിനുകൾക്കായി വാദിച്ചത് ഓർമ്മയില്ലേ? ഓർമ്മ വേണം. നമ്മുടെ നാടിനെ പിറകിൽ നിന്ന് കുത്തിയവർ ഇവരൊക്കെയാണ്. ആരോഗ്യ സേതു ആപ്പിനെ അവഹേളിച്ചവർ അറിയുന്നുണ്ടോ ഇന്ന് ലോക രാജ്യങ്ങൾ പലതും ആരോഗ്യ സേതുവിനെ മാതൃകയാക്കുന്നു. ഇന്ത്യയിലെ കോവിഡ് വാക്‌സിൻ സർട്ടിഫിക്കറ്റ് പൂർണ്ണമായും ഡിജിറ്റലാണ്. താങ്ക്‌സ് ടു ഡിജിറ്റൽ ഇന്ത്യ. അമേരിക്കയിൽ ഇപ്പോഴും വാക്‌സിൻ സർട്ടിഫിക്കറ്റ് പേപ്പറിലാണ് എന്നതും മറക്കരുത്.
ഇന്ത്യയുടെ ചരിത്രത്തിലാദ്യമായി കഴിഞ്ഞ പത്ത് വർഷക്കാലത്തിനിടക്ക് പ്രതിപക്ഷത്തിനു വിലക്കയറ്റത്തിൻറെ പേരിൽ ഒരിക്കൽ പോലും സമരം നടത്തേണ്ടി വന്നില്ല. യുപിഎ ഭരണകാലത്ത് ഇൻഫ്‌ലേഷൻ ഡബിൾ ഡിജിറ്റ് ആയിരുന്നു. പതിനൊന്ന് ശതമാനം വരെ കയറി. കഴിഞ്ഞ പത്ത് വർഷക്കാലവും നാല് ശതമാനത്തിൽ അത് ഒതുക്കി നിർത്താൻ മോദി സർക്കാരിനു സാധിച്ചു. തൊഴിലില്ലായ്മ ആറു വർഷത്തെ ഏറ്റവും കുറഞ്ഞ നിരക്കിലാണ് ഇപ്പോൾ.
ദേശീയപാത വികസനം, ട്രെയിൻ ഗതാഗത രംഗത്തെ ആധുനിക വൽക്കരണം എന്നിവയൊക്കെ സമാനതകളില്ലാത്ത മുന്നേറ്റമാണ് പത്തുവർഷക്കാലത്തുണ്ടാക്കിയത്. ആകെ റവന്യൂ എക്പൻഡീച്ചറിൻറെ 30 ശതമാനം വരെ കാപ്പിറ്റൽ ഇൻവെസ്റ്റ്‌മെൻറിനു വേണ്ടി ചിലവാക്കുമ്പോൾ, ഇറക്കുന്ന ഒരു രൂപക്ക് വിപണിയിൽ 2.50 രൂപയുടെ മൂല്യം പ്രതിഫലിക്കുന്നുണ്ട്. അതായത് പുതിയൊരു ഹൈവേ വരുമ്പോൾ, ആ ഹൈവേയുടെ ആനുകൂല്യം പറ്റി മറ്റനേകം സംരഭങ്ങളും രൂപപ്പെടും. ആയിരക്കണക്കിനു തൊഴിലവസരങ്ങൾ പുതുതായി സൃഷ്ടിക്കപ്പെടും. എൻഎച്ച് 66 അടക്കമുള്ള കേരളത്തിലെ രണ്ട് ലക്ഷം കോടി രൂപയിലധികമുള്ള ദേശീയപാത വികസന പദ്ധതികൾ പൂർത്തീകരിക്കുമ്പോൾ കേരളം കാത്തിരിക്കുന്നത് അവസരങ്ങളുടെ ചാകരയാണ്. പ്രത്യേകിച്ചും ഉത്തരമലബാർ, ഇന്നും കറന്നെടുക്കാത്ത ടൂറിസം സാധ്യതകളുടെ കലവറയാണ് ഉത്തര മലബാർ. നന്ദി നരേന്ദ്രമോദി എന്ന് കേരളവും പറയും.
പറഞ്ഞതെല്ലാം പാലിച്ച മോദിയുടെ ഗ്യാരൻറിയിൽ ലോകം വിശ്വസിക്കുന്നു. ഇന്ന് അവതരിപ്പിക്കാനിരിക്കുന്ന ഇടക്കാല ബജറ്റ് തീർച്ചയായും മോദിയുടെ ഗ്യാരൻറിയുടെ തുടർച്ചയായിരിക്കും. പതിനൊന്ന് മണിവരെ കാത്തിരിക്കാം.
Discussion about this post