ലക്‌നൗ: നീണ്ട 31 വർഷത്തിന് ശേഷം ജ്ഞാൻവാപി തർക്കമന്ദിരത്തിൽ ഹിന്ദുമതവിശ്വാസികൾ പ്രാർത്ഥനകൾ നടത്തിയിരിക്കുകയാണ്. ഇപ്പോൾ മന്ദിരത്തിൽ പൂജ നടത്തുന്നതിന്റെ ചിത്രങ്ങളും പുറത്തുവന്നിരിക്കുകയാണ്. നിലവറയിൽ കോടതി നിർദേശിച്ച സ്ഥലത്ത് പുരോഹിതൻ ആരതി നടത്തുന്നതിന്റെ ചിത്രങ്ങളളാണ് പുറത്തുവന്നിരിക്കുന്നത്.
ഇന്ന് പുലർച്ചെ 3 മണിക്കാണ് പുരോഹിതരും കുടുംബവും നിലവറയിൽ കോടതി നിർദ്ദേശിച്ച സ്ഥലത്ത് പ്രാർത്ഥന നടത്തിയത്. മസ്ജിദിന്റെ താഴെ തെക്കുഭാഗത്തുള്ള നിലവറകളിലാണ് പൂജ നടന്നത്. ഏഴു ദിവസത്തിനകം പൂജകൾ സുഗമമാക്കുന്നതിനുള്ള ക്രമീകരണങ്ങൾ ചെയ്യാൻ ജില്ലാ മജിസ്‌ട്രേറ്റിനോട് നിർദ്ദേശിച്ച് ജഡ്ജി എകെ വിശ്വേഷ് ഉത്തരവിട്ടിരുന്നു. ഇതനുസരിച്ചാണ് ജില്ലാഭരണകൂടം കോടതി ഉത്തരവ് പാലിക്കാനുള്ള അവസരം നൽകിയത്. കാശി വിശ്വനാഥ് ട്രസ്റ്റ് നിയോഗിച്ച പുരോഹിതനാണ് പൂജ നടത്തിയത്.
പൂജ ആരംഭിക്കുന്നതിന് മുമ്പ്, വാരണാസി ജില്ലാ മജിസ്ട്രേറ്റ് എസ് രാജലിംഗവും പോലീസ് കമ്മീഷണർ അശോക് മുത്ത ജെയിനും എന്നിവർ അർദ്ധരാത്രിയോടെ യോഗം വിളിച്ചിരുന്നു. തുടർന്നാണ്കോടതിവിധി സുഗമമായി നടപ്പാക്കാൻ ജില്ലാ ഭരണകൂടം നടപടി സ്വീകരിച്ചത്. തെക്കൻ നിലവറയിലേക്ക് സുഗമമായ പ്രവേശനം അനുവദിക്കുന്നതിനായി ബാരിക്കേഡുകൾക്കുള്ളിലെ സ്ഥലം വൃത്തിയാക്കി, തെക്കൻ നിലവറയിലെ പൂജാ ചടങ്ങുകൾ തടസ്സമില്ലാതെ പാലിക്കുന്നത് ഉറപ്പാക്കുകയും ചെയ്തു.
Discussion about this post