പാലക്കാട് : നവ കേരള സദസിൽ ലഭിച്ച പരാതിക്ക് ആഴ്ചകൾക്കുള്ളിൽ തന്നെ പരിഹാരം കണ്ട് സർക്കാർ. ആവശ്യത്തിന് മദ്യം ലഭിക്കുന്നില്ല എന്ന പരാതിയിലാണ് പരിഹാരം കണ്ടിരിക്കുന്നത്. പാലക്കാട് ജില്ലയിലെ എലപ്പുള്ളി പഞ്ചായത്തിലെ പരിസരവാസികൾ ആവശ്യത്തിന് മദ്യം ലഭിക്കാതെ ബുദ്ധിമുട്ട് അനുഭവിക്കുകയാണെന്ന് കാണിച്ച് പാലക്കാട് സ്വദേശി നവ കേരള സദസിൽ നൽകിയ പരാതിയിലാണ് ശരവേഗത്തിൽ നടപടി ഉണ്ടായിരിക്കുന്നത്.
മദ്യം ലഭിക്കാൻ ബുദ്ധിമുട്ടുന്നുവെന്ന പാലക്കാട് സ്വദേശിയുടെ പരാതി കേരള സംസ്ഥാന ബീവറേജസ് കോർപ്പറേഷൻ ഹെഡ് ഓഫീസിലേക്ക് സർക്കാർ കൈമാറിയിട്ടുണ്ട്. പാറപിരിവിലുള്ള ബീവറേജസ് ഔട്ട്ലെറ്റിലെ സ്ഥലസൗകര്യം വർദ്ധിപ്പിക്കാനും കൗണ്ടറുകളുടെ എണ്ണം കൂട്ടാനുള്ള നടപടിയും ആണ് ഈ വിഷയത്തിൽ സ്വീകരിക്കുക. ഹെഡ് ഓഫീസിൽ നിന്നും അനുമതി ലഭിച്ച ഉടൻ തന്നെ പരിഹാരം ഉണ്ടാകുമെന്നും സർക്കാർ വ്യക്തമാക്കുന്നു.
എലപ്പുള്ളി പഞ്ചായത്തിലെ മദ്യ ലഭ്യതയുടെ പ്രശ്നം പരിഹരിക്കാനായി പാറപിരിവിലുള്ള ബീവറേജസ് ഔട്ട്ലെറ്റിൽ സെൽഫ് ഹെൽപ് പ്രീമിയം കൗണ്ടർ സംവിധാനവും നടപ്പിലാക്കുമെന്ന് സർക്കാർ വ്യക്തമാക്കുന്നു. ഇത്തരത്തിലുള്ള പുതിയ സംവിധാനങ്ങൾ യാഥാർത്ഥ്യമാകുന്നതോടുകൂടി എലപ്പുള്ളി പഞ്ചായത്തിൽ ഉള്ളവർക്കും പരിസരവാസികൾക്കും മദ്യം ലഭിക്കാൻ യാതൊരു ബുദ്ധിമുട്ടും ഉണ്ടാവുകയില്ലെന്ന് ഉറപ്പാക്കുകയാണ് സർക്കാർ.
Discussion about this post