തിരുവനന്തപുരം: ഗവർണർ ആരിഫ് മുഹമ്മദ് ഖാന്റെ സുരക്ഷ ശക്തമാക്കി കേന്ദ്ര സേനയായ സിആർപിഎഫും. 40 അംഗ സംഘത്തിനാണ് സുരക്ഷാ ചുമതല. കഴിഞ്ഞ ദിവസം സംഘം ചുമതലയേറ്റു. ഗവർണർക്ക് ഇസൈഡ് പ്ലസ് സുരക്ഷയൊരുക്കാൻ കേന്ദ്ര സർക്കാർ ഉത്തരവിറക്കിയിരുന്നു. ഇതിന് പിന്നാലെയാണ് സിആർപിഎഫും ഇപ്പോൾ സുരക്ഷ ഏറ്റെടുത്തിരിക്കുന്നത്.
രാജ്ഭവനിലെ ഗവർണറുടെ മുറിയുടെ മുന്നിലും യാത്രയിൽ അദ്ദേഹത്തിന്റെ വാഹനത്തിലും സിആർപിഎഫ് സേന നൽകും. കാറിൽ പേഴ്‌സണൽ സെക്യൂരിറ്റി ഒഫീസർ ആയി സിആപിഎഫ് കമാന്റോ ഉണ്ടായിരിക്കും. വാഹനത്തിന്റെ മുൻപിലും പിറകിലും ഇവർ എസ്‌ക്കോട്ട് നൽകും.
ഗവർണർക്ക് സുരക്ഷയൊരുക്കുന്ന കമാന്റോകളുടെ കയ്യിൽ യന്ത്രത്തോക്കുകളും പിസ്റ്റളുകളും ഉണ്ടായിരിക്കും. ഗവർണറെ ആക്രമിച്ചാലോ ജീവഹാനി വരുത്താൻ ശ്രമിച്ചാലോ ഇവർക്ക് തോക്ക് ഉയോഗിക്കാം. എന്നാൽ, ഗവർണർക്കെതിരെ പ്രതിഷേധിക്കുന്നവരെ ആക്രമിക്കാനോ തടയാനോ ഇവർക്ക് അധികാരമില്ല. ഗവർണറെ ആക്രമിക്കുന്നവരെ പിടിച്ച് പോലീസിന് കൈമാറുക മാത്രമാണ് ഇവർ ചെയ്യുക. തുടർന്ന് ഇവർക്കെതിരെയുള്ള ദടപടി എടുക്കാനുള്ള ചുമതല പോലീസിനാണ്. എസ്പിജി കമാന്റോകളായി അഞ്ച് വർഷം പ്രവർത്തിച്ച ഡൽഹിയിലെയും ബംഗളൂരുവിലെയും അംഗങ്ങളെ സംഘത്തിൽ നിയോഗിച്ചിട്ടുണ്ട്.
ശനിയാഴ്ച്ച കൊല്ലത്ത് ഗവർണർക്കെതിരെ നടന്ന പ്രതിഷേധം കൂടുതൽ പ്രശ്‌നങ്ങൾക്ക് വഴിവച്ചിരുന്നു. സുരക്ഷയെ കൂടി ബാധക്കുന്ന തരത്തിൽ പ്രശ്‌നം വഷളായതോടെ ഗവർണർ കേന്ദ്ര ആഭ്യന്തര സെക്രട്ടറിയെ വിളിച്ച് പ്രശ്‌നങ്ങൾ ധരിപ്പിക്കുകയായിരുന്നു. ഇതേ തുടർന്നാണ് ആഭ്യന്തര മന്ത്രാലയം ഗുവർണറുടെ സുരക്ഷയ്ക്കായി കേന്ദ്ര സേനയെ ചുമതലപ്പെടുത്തിയത്.
Discussion about this post