ന്യൂഡൽഹി: ഡൽഹി മുഖ്യമന്ത്രി അരവിന്ദ് കെജ്രിവാളിനെതിരെ വിമർശനവുമായി ബിജെപി. അഞ്ചാം തവണയും എൻഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റിന്റെ ചോദ്യം ചെയ്യലിൽ നിന്നും ഒഴിവായതിലാണ് ബിജെപി കെജ്രിവാളിനെ വിമർശിച്ച് മുന്നോട്ട് വന്നിരിക്കുന്നത്. സ്വയം നിസ്സഹായനെന്ന് കാണിക്കാനുള്ള തന്ത്രമാണെന്ന് ബിജെപി നേതാവ് ഹരീഷ് ഖുറാന കുറ്റപ്പെടുത്തി. ഇഡിയുടെ സമൻസ് നിയമവിരുദ്ധമാണെങ്കിൽ പിന്നെ എന്തുകൊണ്ടാണ് കെജ്രിവാൾ കോടതിയെ സമീപിച്ച് സമൻസ് റദ്ദാക്കാത്തതെന്നും അദ്ദേഹം ചോദിച്ചു.
‘ഒരിക്കൽ കൂടി അരവിന്ദ് കെജ്രിവാൾ ഇഡി സമൻസിൽ നിന്നും ഒഴിഞ്ഞു മാറിയിരിക്കുന്നു. ഇത് അഞ്ചാം തവണയാണ് ഇഡിയുടെ സമൻസിൽ നിന്നും കെജ്രിവാൾ ഒഴിഞ്ഞുമാറുന്നത്. ഇഡി സമൻസ് നിയമവിരുദ്ധമെന്നാണ് കെജ്രിവാൾ പറയുന്നത്. അങ്ങനെയാണെങ്കിൽ ഒരു ചോദ്യം ഉയരുന്നു. സമൻസ് നിയമവിരുദ്ധമാണെങ്കിൽ എന്തുകൊണ്ടാണ് അദ്ദേഹം കോടതിയെ സമീപിച്ച് സമൻസ് റദ്ദാക്കാത്തത്. സ്വയം നിസ്സഹായനെന്ന് കാണിക്കാനുള്ള കെജ്രിവാളിന്റെ തന്ത്രമാണിത്’- ഹരീഷ് ഖുറാന പറഞ്ഞു.
കെജ്രിവാളിനെതിരെ വിമർശനവുമായി കേന്ദ്രമന്ത്രി മീനാക്ഷി ലേഖിയും രംഗത്ത് വന്നിരുന്നു. ‘ജോലി പൂജ്യം, നിറയെ നാടകം’ എന്നാണ് കേന്ദ്ര മന്ത്രി പരിഹസിച്ചത്. മദ്യനയ അഴിമതി കേസിൽ അന്വേഷണം നേരിടുന്ന കെജ്രിവാളിന് അഞ്ചാം തവണയാണ് ഇഡി ചോദ്യം ചെയ്യലിന് ഹാജരാകാൻ നോട്ടീസ് നൽകുന്നത്. ജനുവരി 18നും ഹാജരാകാനായി ഇഡി നോട്ടീസ് നൽകിയിരുന്നു. അപ്പോഴും ഹാജരാകാത്തതിനെ തുടർന്നാണ് ഇന്ന് വീണ്ടും ഹാജരാകാൻ നോട്ടീസ് നൽകിയത്.
Discussion about this post