ഇടുക്കി : ഭാര്യ ഗർഭിണിയാണെന്ന് അറിഞ്ഞതിന്റെ സന്തോഷം തീരും മുൻപേ യുവാവിനെ കയ്യോടെ പൊക്കി പോലീസ്. മൂന്നാറിലെ കെ ഡി എച്ച്പി കമ്പനിയുടെ കടലാർ എസ്റ്റേറ്റ് ഈസ്റ്റ് ഡിവിഷനിൽ തൊഴിലാളിയായ എൽ രതീഷിനെ ആണ് മൂന്നാർ പോലീസ് അറസ്റ്റ് ചെയ്തത്. ഭാര്യയെ ഗർഭിണിയാക്കി എന്ന കുറ്റത്തിനാണ് പോലീസ് രതീഷിനെ അറസ്റ്റ് ചെയ്തിരിക്കുന്നത്.
തമിഴ്നാട് ശ്രീവല്ലി പുത്തൂർ സ്വദേശിനിയാണ് രതീഷിന്റെ ഭാര്യ. വയറുവേദനയെ തുടർന്ന് മൂന്നാറിലെ സ്വകാര്യ ആശുപത്രിയിൽ ചികിത്സയ്ക്കായി എത്തിയതായിരുന്നു. ആശുപത്രിയിൽ നടത്തിയ പരിശോധനകളിൽ പെൺകുട്ടി ഗർഭിണിയാണെന്ന് കണ്ടെത്തി. തുടർന്ന് ആശുപത്രി അധികൃതരാണ് പോലീസിനെ വിവരമറിയിക്കുന്നത്. മൂന്നാർ പോലീസ് രതീഷിനെ ആശുപത്രിയിലേക്ക് വിളിച്ചു വരുത്തി അറസ്റ്റ് ചെയ്യുകയായിരുന്നു.
പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ വിവാഹം കഴിക്കുകയും ഗർഭിണിയാക്കുകയും ചെയ്തു എന്ന് കുറ്റത്തിനാണ് 27 വയസ്സുകാരനായ പ്രതി രതീഷിനെ അറസ്റ്റ് ചെയ്തിരിക്കുന്നത്. ഏതാനും മാസങ്ങൾക്ക് മുൻപായിരുന്നു ഇവരുടെ വിവാഹം കഴിഞ്ഞത്. തമിഴ്നാട്ടിലുള്ള പെൺകുട്ടിയുടെ മാതാപിതാക്കളുടെ അറിവോടെയും സമ്മതത്തോടെയും കൂടെയാണ് വിവാഹം കഴിച്ചത് എന്ന് രതീഷ് വ്യക്തമാക്കിയെങ്കിലും നിയമപ്രകാരം കുറ്റകൃത്യമായതിനാൽ പോലീസ് രതീഷിനെ കസ്റ്റഡിയിൽ എടുക്കുകയും അറസ്റ്റ് രേഖപ്പെടുത്തുകയും ചെയ്തു. തുടർന്ന് പോലീസ് തന്നെ പെൺകുട്ടിയെ ചൈൽഡ് വെൽഫെയർ കമ്മിറ്റി മുമ്പാകെ ഹാജരാക്കി.
Discussion about this post