തിരുവനന്തപുരം: തണ്ണീർ കൊമ്പൻ ചരിഞ്ഞുവെന്നവാർത്ത അതീവ ദു:ഖകരമാണെന്ന് വനംമന്ത്രി എ.കെ ശശീന്ദ്രൻ. ആന ചരിഞ്ഞുവെന്ന വിവരം ലഭിച്ചതിന് പിന്നാലെ മാദ്ധ്യമങ്ങളോട് ആയിരുന്നു അദ്ദേഹത്തിന്റെ പ്രതികരണം. പോസ്റ്റ്‌മോർട്ടത്തിന് ശേഷമേ കൂടുതൽ വിവരങ്ങൾ ലഭ്യമാകുകയുള്ളൂവെന്നും അദ്ദേഹം വ്യക്തമാക്കി.
രാത്രിവരെ മാനന്തവാടി ജനങ്ങൾ ഭീതിയോടെ കണ്ടിരുന്ന തണ്ണീർ കൊമ്പൻ ചരിഞ്ഞു എന്ന വാർത്തയാണ് അറിയാൻ കഴിഞ്ഞത്. ഇത് അതിയായ നടുക്കം ഉണ്ടാക്കുന്നു. രാത്രി എത്തിയ ആനയെ വിദഗ്ധ പരിശോധനയ്ക്ക് ശേഷം കാട്ടിലേക്ക് അയച്ചാൽ മതിയെന്നായിരുന്നു തീരുമാനം എടുത്തിരുന്നത്. എന്നാൽ വിദഗ്ധ പരിശോധന തുടങ്ങുന്നതിന് മുൻപുതന്നെ ആന ചരിഞ്ഞതായിട്ടാണ് ബോദ്ധ്യപ്പെട്ടിട്ടുള്ളത്. ഇത് കർണാടക വനംവകുപ്പിന്റെ മേധാവികളും കേരള വനംവകുപ്പിന്റെ മേധാവികളും സ്ഥിരീകരിച്ചിട്ടുണ്ട്. മരണകാരം എന്താണെന്നത് അറിയണമെങ്കിൽ പോസ്റ്റ്‌മോർട്ടം റിപ്പോർട്ട് വരണം.
തണ്ണീർ കൊമ്പനെ പിടികൂടുന്ന നടപടികളെല്ലാം നടന്നത് സുതാര്യമായിട്ടാണ്. രാവിലെ മുതൽ തന്നെ പ്രദേശത്ത് നിലയുറപ്പിച്ച മാദ്ധ്യമങ്ങൾക്കും അത് അറിയാം. സൂചി കൊണ്ട സ്ഥലം പോലും കാണത്തക്ക വിധം സുതാര്യമായിരുന്നു നടപടികൾ. തുടർ നടപടികളും സുതാര്യമായിരിക്കണമെന്ന് നിർദ്ദേശം നൽകിയിട്ടുണ്ട്. ആനയെ പരിശോധിക്കാൻ കർണാടകയിലെ ഉദ്യോഗസ്ഥർക്കൊപ്പം കേരളത്തിൽ നിന്നുള്ള സംഘവും ഉണ്ടാകും. ആനയെ എത്തിച്ചതിൽ ഉൾപ്പെടെ വീഴ്ചവന്നിട്ടുണ്ടോയെന്ന് പരിശോധിക്കും. ഇതിനായി അഞ്ചംഗ വിദഗ്ധ സമിതിയെ നിയോഗിച്ചവെന്നും അദ്ദേഹം പറഞ്ഞു.
Discussion about this post