ന്യൂഡൽഹി:മുതിർന്ന ബിജെപി നേതാവ് എൽകെ അദ്വാനിയ്ക്ക് ഭാരത് രത്‌ന പുരസ്‌കാരം. പ്രധാനമന്ത്രി നരേന്ദ്ര മോദിയാണ് ഇതുമായി ബന്ധപ്പെട്ട പ്രഖ്യാപനം. രാജ്യത്തെ ഏറ്റവും വലിയ പരമോന്നത ബഹുമതിയാണ് ഭാരത് രത്‌ന.
എക്‌സ് അക്കൗണ്ടിലൂടെയായിരുന്നു പ്രധാനമന്ത്രി ഇക്കാര്യം അറിയിച്ചത്. എൽ.കെ അദ്വാനിയെ ഭാരത് രത്‌ന നൽകി രാജ്യം ആദരിക്കുകയാണെന്ന് പ്രധാനമന്ത്രി പറഞ്ഞു. പുരസ്‌കാരത്തിന് അർഹനായതിന് പിന്നാലെ അദ്വാനിയെ ഫോണിൽ വിളിക്കുകയും അഭിനന്ദനങ്ങൾ അറിയിക്കുകയും ചെയ്തു. ഞങ്ങളുടെ കാലത്ത് ഏറ്റവും ആരാധ്യരായ രാഷ്ട്രതന്ത്രജ്ഞരിൽ ഒരാളാണ് അദ്വാനിയെന്നും അദ്ദേഹം എക്‌സിൽ കുറിച്ചു.
മഹത്തായ സംഭാവനകൾ ആണ് എൽകെ അദ്വാനി രാജ്യത്തിന് നൽകിയിരിക്കുന്നത്. സമൂഹത്തിന്റെ താഴെക്കിടയിൽ നിന്നും പ്രവർത്തിച്ച് അദ്ദേഹം രാജ്യത്തിന്റെ ഉപപ്രധാനമന്ത്രിവരെയായി. കേന്ദ്ര ആഭ്യന്തരമന്ത്രിയായും വാർത്താവിതരണ പ്രക്ഷേപണ മന്ത്രിയായും അമൂല്യമായ പ്രവർത്തനങ്ങൾ കാഴ്ചവച്ചു. പാർലമെന്റിലെ അദ്ദേഹത്തിന്റെ ഇടപെടലുകളും പ്രവർത്തനങ്ങളും മാതൃകാപരമാണെന്നും പ്രധാനമന്ത്രി പറഞ്ഞു. എൽകെ അദ്വാനിയുടെ ചിത്രങ്ങളും അദ്ദേഹം കുറിപ്പിനൊപ്പം പങ്കുവച്ചിട്ടുണ്ട്.
Discussion about this post