മുംബൈ: നടിയും മോഡലുമായ പൂനം പാണ്ഡെ മരിച്ചെന്ന വാർത്തകൾ അടിസ്ഥാന രഹിതം. താൻ മരിച്ചില്ലെന്ന് വ്യക്തമാക്കി താരം തന്നെ ഇൻസ്റ്റഗ്രാം വീഡിയോയിലൂടെ രംഗത്ത് എത്തി. കഴിഞ്ഞ ദിവസമാണ് സെർവിക്കൽ ക്യാൻസറിനെ തുടർന്ന് നടി മരിച്ചെന്ന റിപ്പോർട്ടുകൾ പുറത്തുവന്നത്.
ഈ നിമിഷത്തിൽ പ്രധാനപ്പെട്ടൊരു കാര്യം ആരാധകരുമായി പങ്കുവയ്ക്കാൻ ആഗ്രഹിക്കുന്നുവെന്ന് വ്യക്തമാക്കിയാണ് പൂനം പാണ്ഡെയുടെ വീഡിയോ ആരംഭിക്കുന്നത്. ഞാൻ ജീവനോടെയുണ്ട്. സർവിക്കൽ ക്യാൻസർ എന്റെ ജീവൻ എടുത്തിട്ടില്ല. എന്നാൽ സെർവിക്കൽ ക്യാൻസറിനെ തുടർന്ന് നിരവധി സ്ത്രീകൾക്കാണ് ജീവൻ നഷ്ടമായിട്ടുള്ളത്. കാരണം ഈ രോഗത്തെക്കുറിച്ച് കാര്യമായ അറിവില്ലാത്തതാണ്. മറ്റ് ക്യാൻസറുകളുമായി താരതമ്യം ചെയ്യുമ്പോൾ വേഗത്തിൽ സുഖപ്പെടുത്താൻ കഴിയുന്നതാണ് സെർവിക്കൽ ക്യാൻസർ.
രോഗം ഏളുപ്പത്തിൽ നിർണയിക്കാൻ നിരവധി പരിശോധനകൾ നിലവിലുണ്ട്. ഇതിന് പുറമേ രോഗം വഷളാകാതിരിക്കാൻ എച്ച്പിവി വാക്‌സിനും ലഭ്യമാണ്. സെർവിക്കൽ ക്യാൻസറിനെ തുടർന്ന് ഇനിയൊരു ജീവൻ കൂടി പൊലിയരുത്. ഇതേക്കുറിച്ച് ജനങ്ങൾക്ക് അവബോധം നൽകുകയും അസുഖബാധികർക്ക് ആത്മവിശ്വാസം പകരുകയും വേണം. നമുക്ക് ഒന്നായി ഈ അസുഖത്തെ ഇല്ലാതാക്കാം എന്നും നടി വീഡിയോയിൽ പറഞ്ഞു.
അതേസമയം നടിയ്‌ക്കെതിരെ രൂക്ഷ വിമർശനവും ഉയരുന്നുണ്ട്. വിലകുറഞ്ഞ പബ്ലിസിറ്റിയ്ക്ക് വേണ്ടിയാണ് നടി മരിച്ചെന്ന വാർത്ത പ്രചരിപ്പിച്ചത് എന്നാണ് വിമർശനം.
Discussion about this post