ന്യൂഡൽഹി: ഇന്ത്യൻ ജനാധിപത്യത്തെ അതിന്റെ ശരിയായ അർത്ഥത്തിൽ സംരക്ഷിച്ച മഹദ് വ്യക്തിത്വം ആണ് ശ്രീ ലാൽ കൃഷ്ണ അദ്വാനിയെന്ന് തുറന്ന് പറഞ്ഞ് പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദി. സംബൽപൂരിൽ ഒരു പൊതുയോഗത്തെ അഭിസംബോധന ചെയ്തുകൊണ്ട് സംസാരിക്കുകയായിരുന്നു പ്രധാനമന്ത്രി
. “ഒരു പാർട്ടിയുടെയും ഒരു കുടുംബത്തിൻ്റെയും തടവറയിൽ നിന്ന് ഇന്ത്യയുടെ ജനാധിപത്യത്തെ മോചിപ്പിക്കാൻ അദ്ദേഹം തുടർച്ചയായി പോരാടി. അദ്ദേഹം എല്ലാവരേയും നയിക്കുകയും ‘കുടുംബ വാദി പ്രത്യയശാസ്ത്രത്തെ എന്നെന്നും വെല്ലു വിളിക്കുകയും ചെയ്തു. എല്ലാവരെയും ഉൾക്കൊള്ളുന്ന, ദേശീയതയുള്ള പ്രത്യയശാസ്ത്രവുമായി അദ്ദേഹം ഇന്ത്യൻ ജനാധിപത്യത്തെ ബന്ധിപ്പിച്ചു. ഇന്ന് നാമെല്ലാവരും അതിൻ്റെ ഫലം കാണുന്നു. ഈയവസരത്തിൽ അദ്വാനി ജിയെ വീണ്ടും വീണ്ടും അഭിനന്ദിക്കാനും അദ്ദേഹത്തിന് ദീർഘായുസ്സ് നേരാനും ഞാൻ ആഗ്രഹിക്കുന്നു” പ്രധാനമന്ത്രി പറഞ്ഞു.
അതെസമയം ഭാരത് രത്ന ഏറ്റവും വിനയത്തോടെയാണ് സ്വീകരിക്കുന്നതെന്നും അതിന് പ്രധാനമന്ത്രി മോദിയോടും രാഷ്‌ട്രപതി ദ്രൗപദി മുർമുവിനോടും നന്ദി പറയുന്നുവെന്നും എൽ കെ അദ്വാനി പറഞ്ഞു. ഭാരതരത്‌ന തനിക്ക് മാത്രമല്ല, തൻ്റെ ജീവിതത്തിലും പൊതുമണ്ഡലത്തിലും നടപ്പിലാക്കാൻ തൻ്റെ കഴിവിൻ്റെ പരമാവധി പരിശ്രമിച്ച ആദർശങ്ങൾക്കും തത്വങ്ങൾക്കും ഉള്ള ബഹുമതിയാണെന്ന് എൽകെ അദ്വാനി പറഞ്ഞു.
2014ൽ അധികാരമേറ്റ ശേഷം മോദി സർക്കാർ നൽകുന്ന ഏഴാമത്തെ ഭാരതരത്‌നയാണിത്. കർപ്പൂരി താക്കൂർ, മദൻ മോഹൻ മാളവ്യ, അടൽ ബിഹാരി വാജ്‌പേയി, പ്രണബ് മുഖർജി, ഭൂപൻ ഹസാരിക, നാനാജി ദേശ്മുഖ് എന്നിവരാണ് മറ്റുള്ളവർ.
ഉപപ്രധാനമന്ത്രി, ആഭ്യന്തര മന്ത്രി, വാർത്താവിതരണ പ്രക്ഷേപണ മന്ത്രി എന്നീ നിലകളിൽ സേവനമനുഷ്ഠിച്ചിട്ടുള്ള 96 കാരനായ അദ്വാനി, മുൻ പ്രധാനമന്ത്രി അടൽ ബിഹാരി വാജ്‌പേയി, ബിജെപി സൈദ്ധാന്തികൻ പണ്ഡിറ്റ് ദീൻദയാൽ ഉപാധ്യായ എന്നിവരുമായുള്ള ദീർഘകാല ബന്ധവും അനുസ്മരിച്ചു
“പൊതുജീവിതത്തിലെ എൻ്റെ യാത്രയിലുടനീളം പ്രവർത്തിക്കാൻ എനിക്ക് അവസരം ലഭിച്ച ദശലക്ഷക്കണക്കിന് പാർട്ടി പ്രവർത്തകർക്കും സ്വയംസേവകർക്കും മറ്റുള്ളവർക്കും എൻ്റെ ഹൃദയംഗമമായ നന്ദി,” അദ്ദേഹം കൂട്ടിച്ചേർത്തു.
തൻ്റെ കുടുംബമാണ് ഏറ്റവും വലിയ ശക്തിയെന്ന് പറഞ്ഞ എൽ കെ അദ്വാനി രാഷ്ട്രപതിക്കും പ്രധാനമന്ത്രി മോദിക്കും നന്ദി അറിയിക്കുകയും ചെയ്തു.
Discussion about this post