ന്യൂഡൽഹി: അയോദ്ധ്യയിലെ രാമക്ഷേത്ര പ്രാണപ്രതിഷ്ഠയെ അവഹേളിച്ച് പരാമർശം നടത്തിയ സംഭവത്തിൽ കോൺഗ്രസ് നേതാവിന്റെ മകൾക്കെതിരെ പോലീസിൽ പരാതി. മുതിർന്ന കോൺഗ്രസ് നേതാവ് മണി ശങ്കർ അയ്യരുടെ മകൾ സൗരണ്യ അയ്യർക്കെതിരെയാണ് പരാതി നൽകിയിരിക്കുന്നത്. ബിജെപി നേതാവും, സുപ്രീംകോടതി അഭിഭാഷകനുമായ അജയ് അഗർവാളാണ് ഡൽഹി സൈബർ ക്രൈം പോലീസിൽ പരാതി നൽകിയത്.
ജനുവരി 20നായിരുന്നു സൗരണ്യ അയ്യർ രാമക്ഷേത്ര പ്രാണപ്രതിഷ്ഠയ്‌ക്കെതിരെ സമൂഹമാദ്ധ്യമങ്ങൡലൂടെ പരാമർശം നടത്തിയത്. ഈ പരാമർശം ഹിന്ദു വിഭാഗത്തെ മുഴുവനും അധിക്ഷേപിക്കുന്നതാണെന്ന് ചൂണ്ടിക്കാട്ടിയാണ് പരാതി. ഫേസ്ബുക്ക് ഉൾപ്പെടെയുള്ള സമൂഹമാദ്ധ്യമങ്ങളിലൂടെ രാമക്ഷേത്ര പ്രാണപ്രതിഷ്ഠയെ അവഹേളിച്ചതായി പരാതിയിൽ പറയുന്നു. സംഭവത്തിൽ ഇന്ത്യൻ ശിക്ഷാ നിയമത്തിലെ 153- എയും മറ്റ് ജാമ്യമില്ലാ വകുപ്പുകൾ പ്രകാരവും കേസ് എടുക്കണമെന്നും പരാതിയിൽ ആവശ്യമുണ്ട്. വിവിധ സമൂഹമാദ്ധ്യമങ്ങളിൽ രാമക്ഷേത്ര പ്രാണപ്രതിഷ്ഠയെ അവഹേളിച്ച് സൗരണ്യ പങ്കുവച്ച കുറിപ്പും പരാതിയ്‌ക്കൊപ്പം പോലീസ് മുൻപാകെ ഹാജരാക്കിയിട്ടുണ്ട്.
നേരത്തെ സമൂഹമാദ്ധ്യമത്തിൽ കുറിപ്പ് പങ്കുവച്ചതിനെ തുടർന്ന് മണി ശങ്കറിനോടും സൗരണ്യയോടും വീടൊഴിയാൻ റസിഡൻഷ്യൽ അസോസിയേഷൻ ആവശ്യപ്പെട്ടിരുന്നു. ഇതിന് പിന്നാലെയാണ് സൗരണ്യയ്‌ക്കെതിരെ പരാതി നൽകിയത്.
Discussion about this post