ഇന്നത്തെ കാലത്ത് മായമില്ലാത്ത ഭക്ഷണസാധനങ്ങൾ ഇല്ലെന്ന് തന്നെ പറയാം. ഉപ്പ് തൊട്ട് കർപ്പൂരം വരെ സകലതിലും ഇന്ന് മായം ചേർക്കുന്നുണ്ട്. ഭക്ഷണസാധനങ്ങളിൽ പോലും വ്യജൻ ഇറങ്ങുന്ന കാലത്താണ് നാം ജീവിക്കുന്നത്. നമ്മൾ ഉപയോഗിക്കുന്ന ചായപ്പൊടി, പഞ്ചസാര, കുക്കിംഗ് ഓയിൽ മസാല പൗഡറുകൾ എന്നിങ്ങനെ എല്ലാത്തിലും മായം ചേർക്കുന്നുണ്ട്. എന്നാൽ, ഇവയിൽ മിക്കതിലെയും മായം നമുക്ക് തിരിച്ചറിയാൻ കഴിയും. ഇത്തരത്തിൽ മായം കണ്ടെത്തുന്നതിനായി ഫുഡ് സേഫ്റ്റി ആന്റ് സ്റ്റാൻഡേർഡ്‌സ് അതോറിറ്റി ഓഫ് ഇന്ത്യ (എഫ്എസ്എസ്) ചില മാർഗങ്ങൾ നിർദേശിച്ചിട്ടുണ്ട്. കുക്കിംഗ് ഓയിലുകൾ, കുരുമുളക്, ചായപ്പൊടി, എന്നിവയിലെ മായം എങ്ങനെയാണ് കണ്ടെത്തുക എന്ന് നോക്കാം…
ചായപ്പൊടി
വലിയ രീതിയിൽ മായം കലർത്തുന്ന ഒരു ഉത്പന്നമാണ് ചായപ്പൊടി. ചായപ്പൊടിയിലെ വ്യാജനെ നമുക്ക് വീട്ടിൽതന്നെ തിരിച്ചറിയാം. ഒരു ഫിൽറ്റർ പേപ്പർ ആണ് ഇതിനായി എടുക്കേണ്ടത്. ഈ ഫിൽറ്റർ പേപ്പറിൽ അൽപ്പം ചായപ്പൊടി വിതറുക. പിന്നീട് ഇതിൽ അൽപ്പം വെള്ളം തളിക്കുക. ഇതിന് ശേഷം ഈ പേപ്പർ പൈപ്പ് തുറന്ന് പേപ്പർ റണ്ണിംഗ് വാട്ടറിൽ കാണിക്കണം. ചായപ്പൊടിയുടെ അംശം പൂർണമായി പോകുന്നതു വരെ ഇത് വെള്ളത്തിൽ പിടിക്കണം. ശേഷം ഈ പേപ്പർ വെളിച്ചത്തിൽ കാണിക്കുമ്പോൾ അതിൽ കറുത്തതോ കാപ്പി നിറത്തിലോ കറ പോലെ കാണുകയാണെങ്കിൽ അതിൽ മായമുണ്ടെന്നാണ് അർത്ഥം.
കുരുമുളക്
കുരുമുളകിലെ മായവും നമുക്ക് എളുപ്പത്തിൽ തിരിച്ചറിയാം. അതിനായി പരന്ന കട്ടിയിലുള്ള പ്രതലത്തിൽ കുരുമുളക് വിതറിയിടാം. ഇനി തള്ളവിരൽ മാത്രം ഉപയോഗിച്ച് അമർത്തുക. കുരുമുളക് ആണെങ്കിൽ ഇത് പൊളിഞ്ഞുവരില്ല. എന്നാൽ, മായമുണ്ടെങ്കിൽ ഇത് എളുപ്പത്തിൽ പൊളിഞ്ഞ് വരും.
ഓയിൽ
പലതരത്തിലുള്ള എണ്ണകൾ നമ്മൾ പാചകത്തിനായി എടുക്കാറുണ്ട്. ഇവയലെ മായവും വീട്ടിൽ പരിശോധിക്കാം. ഇതിനായി ഒരു ഗ്ലാസിൽ അൽപ്പം എണ്ണ എടുക്കണം. ഇതിലേക്ക് ഒരു സ്പൂൺ യെല്ലോ ബട്ടർ ചേർക്കണം. ഇതിന് നിറം മാറ്റം വരുന്നുണ്ടെങ്കിൽ മായമുണ്ടെന്ന് ഉറപ്പിക്കാം.
Discussion about this post