തൃശൂർ: മോശമായ പ്രതിഫലം നൽകി കേരളസാഹിത്യ അക്കാദമി അപമാനിച്ചെന്ന വിമർശനത്തിൽ ബാലചന്ദ്രൻ ചുള്ളിക്കാടിനെ പിന്തുണച്ച് അക്കാദമി ഭാരവാഹിയും എഴുത്തുകാരനുമായ അശോകൻ ചരുവിൽ. തനിക്ക് ഈ വിഷയവുമായി നേരിട്ട് ബന്ധമില്ലെങ്കിലും അക്കാദമി ഭാരവാഹിയെന്ന നിലയിൽ ചുള്ളിക്കാടിനോട് മാപ്പ് പറയുന്നുവെന്ന് അദ്ദേഹം വ്യക്തമാക്കി. ഫേസ്ബുക്ക് പോസ്റ്റിലൂടെയായിരുന്നു അദ്ദേഹത്തിന്റെ പ്രതികരണം. ചുള്ളിക്കാടിന്റെ വിമർശനം ശരിയാണ്. ഈ വിഷയം അദ്ദേഹം വെളിപ്പെടുത്തിയത് നന്നായി. യാത്രാക്കൂലി, പ്രതിഫലം എന്നീ കാര്യങ്ങളിൽ എഴുത്തുകാർ വലിയ അവഗണനയാണ് നേരിടുന്നത്. സർക്കാരുമായി ബന്ധപ്പെട്ട സ്ഥാപനങ്ങളും യൂണിവേഴ്‌സിറ്റികളും എഴുത്തുകാർക്കുള്ള യാത്രാപടിയും പ്രതിഫലവും കൊടുക്കുന്നത് ഫ്യൂഡൽ കാലത്തെ ഒർമ്മപ്പെടുത്തുന്ന രീതിയിലാണെന്നും അദ്ദേഹം കുറ്റപ്പെടുത്തി.
ഫേസ്ബുക്ക് പോസ്റ്റിന്റെ പൂർണ്ണരൂപം
അക്കാദമി സാഹിത്യോത്സവം; ബാലചന്ദ്രൻ ചുള്ളിക്കാടിൻറെ വിമർശനം ശരിയാണ്. കേരള സാഹിത്യ അക്കാദമിയിൽ നിന്ന് യാത്രാക്കൂലിയുമായി ബന്ധപ്പെട്ട് ബാലചന്ദ്രൻ ചുള്ളിക്കാടിന് ദുരനുഭവം ഉണ്ടായതിൽ അങ്ങേയറ്റം ഖേദിക്കുന്നു. നേരിട്ടു പങ്കുള്ള വിഷയമല്ലെങ്കിലും അക്കാദമി ഭാരവാഹി എന്ന നിലയിൽ ഞാൻ പ്രിയപ്പെട്ട ബാലചന്ദ്രനോട് മാപ്പുചോദിക്കുന്നു. ഈ സംഗതി ബാലചന്ദ്രൻ വെളിപ്പെടുത്തിയത് ഉചിതമായി. യാത്രാക്കൂലി / പ്രതിഫലം എന്നീ കാര്യങ്ങളിൽ എഴുത്തുകാർ വലിയ അവഗണനാണ് നേരിടുന്നത്.
ലക്ഷക്കണക്കിന് രൂപ മുടക്കി നടത്തുന്ന ചില സമ്മേളനങ്ങളിൽ പങ്കെടുക്കുന്നവർക്ക് പലപ്പോഴും പ്രതിഫലം നൽകുന്നില്ല. പങ്കെടുപ്പിക്കുന്നത് തന്നെ ഔദാര്യം എന്ന നിലപാടാണ് സംഘാടകർ സ്വീകരിക്കുന്നത്. സർക്കാരുമായി ബന്ധപ്പെട്ട സാംസ്‌കാരിക സ്ഥാപനങ്ങളും യൂണിവേഴ്‌സിറ്റികളും എഴുത്തുകാർക്കുള്ള യാത്രാപ്പടിയും പ്രതിഫലവും കണക്കാക്കുന്നത് ഫ്യൂഡൽ കാലത്തെ ഓർമ്മിപ്പിക്കുന്ന രീതിയിലാണ്. ഓണപ്പുടവ കൊടുക്കുന്ന മട്ടിൽ. യൂണിവേഴ്‌സിറ്റി അധ്യാപകൻറെ ഒരു ദിവസത്തെ ശമ്പളത്തിൻറെനാലിലൊന്നു പോലും അവിടെ പ്രഭാഷണത്തിനെത്തുന്ന എഴുത്തുകാരന് കൊടുക്കാറില്ല.
നമ്മുടെ കേരളത്തിൽ ഭരണവർഗ്ഗത്തോടും അവരുടെ സാംസ്‌കാരിക പ്രത്യയശാസ്ത്രത്തോടും സന്ധിയില്ലാതെ സമരം ചെയ്തു നിൽക്കുന്ന നിരവധി ജനകീയസംഘങ്ങളുണ്ട്. ആശയപരമായ സമ്പന്നതയിലും അതേസമയം സാമ്പത്തികമായി അങ്ങേയറ്റം ദാരിദ്ര്യത്തിലുമാണ് അവ പ്രവർത്തിക്കുന്നത്. സമാന ചിന്തയുള്ള എഴുത്തുകാർ അവർക്കൊപ്പം ചേരുക പതിവുണ്ട്. അത്തരം സന്ദർഭങ്ങളിൽ പ്രതിഫലം വാങ്ങാതിരിക്കുകയോ നാമമാത്രമായ യാത്രാപ്പടി മാത്രം വാങ്ങുകയോ പതിവുണ്ട്. അത് ആശയത്തോടും പ്രസ്ഥാനത്തോടുമുള്ള അവരുടെ ആത്മസമർപ്പണത്തിൻറെ ഭാഗമാണ്.
പക്ഷേ കൃത്യമായി ശമ്പളവും മറ്റും നൽകി പ്രവർത്തിക്കുന്ന സാംസ്‌കാരിക സ്ഥാപനങ്ങൾ എഴുത്തുകാർക്കു മാത്രം പ്രതിഫലം നൽകാതിരിക്കുന്നത് വലിയ തെറ്റാണ്. അക്കാദമികളും മറ്റു സാംസ്‌കാരിക സ്ഥാപനങ്ങളും പ്രവർത്തിക്കുന്നത് ആ സ്ഥാപനങ്ങൾക്കു വേണ്ടിയല്ല. സംസ്‌കാരത്തിനും ആ രംഗത്ത് പ്രവർത്തിക്കുന്നവർക്കും വേണ്ടിയാണ്. അല്ലെങ്കിൽ അങ്ങനെയാകണം.
Discussion about this post