മുംബൈ: വിവാദങ്ങൾക്കൊണ്ട് ഫോളോവേഴ്‌സിനെ കൂട്ടാനുള്ള വിവാദ പ്രഖ്യാപനങ്ങളും നടത്തിയിട്ടുള്ള നടിയാണ് പൂനം പാണ്ഡെ. എന്നാൽ, താൻ മരിച്ചെന്ന വാർത്ത പ്രചരിപ്പിച്ചുകൊണ്ട് താരം നടത്തിയ നാടകം കുറച്ച് ഏറിപ്പോയി എന്ന ചർച്ചയാണ് സമൂഹമാദ്ധ്യമങ്ങളിൽ മുഴുവൻ ഇപ്പോൾ നിറഞ്ഞു നിൽക്കുന്നത്. സെർവിക്കൽ കാൻസറിനെ കുറിച്ച് ബോധവൽക്കരണം നടത്താൻ ആണ് ഇത്തരത്തിൽ വാർത്ത പ്രചരിപ്പിച്ചതെന്നാണ് പൂനത്തിന്റെ ന്യായീകരണമെങ്കിലും അത് വിശ്വസിക്കാൻ ആളുകൾ തയ്യാറായിട്ടില്ലെന്നതാണ് സത്യം. എന്നാൽ, താരത്തിന് ഇത് ഗുണമേ ചെയ്തിട്ടുള്ളൂ എന്നത് മറ്റൊരു കാര്യം.
നടിയുടെ മാനേജറാണ് ഇൻസ്റ്റഗ്രാം പേജിലൂടെ പൂനം ഗർഭാശയ കാൻസർ മൂലം മരിച്ചെന്ന വാർത്ത പുറത്ത് വിടുന്നത്. നിമിഷങ്ങൾക്കകം തന്നെ സമൂഹമാദ്ധ്യമങ്ങളിലും മുൻനിര മാദ്ധ്യമങ്ങളിലും ഉൾപ്പെടെ വാർത്ത പ്രചരിച്ചു. എന്നാൽ, താൻ മരിച്ചിട്ടിലെല്ലന്ന് പറഞ്ഞ് താരം തന്നെ അടുത്ത ദിവസം നേരിട്ട് ഇൻസ്റ്റഗ്രാമിലൂടെ പ്രത്യക്ഷപ്പെട്ടു. കാൻസറിനെ കുറിച്ച് ബോധവൽക്കരണം നടത്താനായി ആണ് ഇങ്ങനെയൊരു വാർത്ത പ്രചരിപ്പിച്ചതെന്നും ജീവനോടെ ഉണ്ടെന്നുമുള്ള പ്രഖ്യാപനം ഞെട്ടലോടെയാണ് സോഷ്യൽ മീഡിയാ ലോകം കേട്ടത്.
ആയിരക്കണക്കിന് പേരാണ് ഈ രോഗം ബാധിച്ച് മരിക്കുന്നത്. മറ്റ് കാൻസർ പോലെയല്ല. സെർവിക്കൽ കാൻസർ പൂർണമായും സുഖപ്പെടുത്താനാകും. നേരത്തെ തിരിച്ചറിയാൻ പരിശോധനകളും സുഖപ്പെടുത്താൻ വാക്‌സിനുകളുമുണ്ടെന്നാണ് പൂനം വീഡിയോയിൽ പറഞ്ഞത്. ഇൻസ്റ്റഗ്രാമിൽ പങ്കുവച്ച മറ്റൊരു വീഡിയോയിൽ വ്യാജ വാർത്ത പ്രചരിപ്പിച്ചതിന് മാപ്പപേക്ഷ നടത്തിയ പൂനം ww.poonampandeyisalive.com എന്ന വെബ്‌സൈറ്റും പങ്കുവച്ചു. സെർവിക്കൽ കാൻസറിനെ കുറിച്ചുള്ള ബോധവൽക്കരണമാണ് വെബ്‌സൈറ്റിൽ ഉള്ളത്. സെർവിക്കൽ കാൻസർ തടയാനുള്ള വാക്‌സൻ സംബന്ധിച്ചുള്ള പദ്ധതി ഇടക്കാല ബജറ്റിൽ പ്രഖ്യാപിച്ചതിന് പിന്നാലെയായിരുന്നു പൂനത്തിന്റെ നാടകം.
എന്നാൽ, ഇത്തരത്തിലുള്ള ‘മരണനാടകം’ പൂനം മാസങ്ങൾക്ക് മുൻപേ തന്നെ ആസൂത്രണം ചെയ്തതാണെന്ന തെളിവുകളാണ് ഇപ്പോൾ പുറത്തു വരുന്നത്. 2018 ജൂലൈ 18ന് തന്നെ പൂനം വെബ്‌സൈറ്റ് രജിസ്റ്റർ ചെയ്തിട്ടുണ്ടെന്ന തെളിവുകളാണ് പുറത്തു വന്നിരിക്കുന്നത്. അതുകൊണ്ട് തന്നെ ബജറ്റിലെ പ്രഖ്യാപനവുമായി പൂനത്തിന്റെ ‘ബാധവൽക്കരണത്തിന്’ ഒരു ബന്ധവുമില്ലെന്ന് വ്യക്തമാണ്. വെബ്‌സൈറ്റിൽ വളരെ വേഗം മാറ്റങ്ങൾ വരുത്തിയതായും സൈബർ വിദഗ്ധർ കണ്ടെത്തിയിട്ടുണ്ട്. വെബ്‌സൈറ്റിലെ ‘സർവൈവർ സ്റ്റോറീസ്’ വിഭാഗത്തിൽ ഡൽഹി സ്വദേശിനിയായ സംഗീത ഗുപ്തയുടെ അനുഭവമാണ് പങ്കുവച്ചിരിക്കുന്നത്. എന്നാൽ ഈ ഉള്ളടക്കം അമേരിക്കൻ കാൻസർ സൊസൈറ്റിയുടെ രേഖകളിൽനിന്ന് അതേപടി പകർത്തിയിരിക്കുകയാണ്. വെബ്‌സൈറ്റിന്റെ യുആർഎലിൽ സെർവിക്കൽ കാൻസർ എന്ന വാക്കില്ല എന്നതും ശ്രദ്ദേയമാണ്. ഇതിനോടൊപ്പം പൂനത്തിന്റെ ഇൻസ്റ്റഗ്രാം, എക്‌സ്്, യൂട്യൂബ് എന്നിവയിലൊന്നും ആരോഗ്യം കാൻസർ, സെർവിക്കൽ കാൻസർ തുടങ്ങിയ കീവേർഡുകൾ അടങ്ങിയ ഒരു പോസ്റ്റ് പോലും ഇതുവരെയില്ലെന്നതും പൂനം പറഞ്ഞ വിശദീകരണത്തിന്റെ വിശ്വാസ്യതയെ ചോദ്യം ചെയ്യുന്നു.
സ്വന്തം പ്രൊമോഷനു വേണ്ടി മാത്രമാണ് ഇത്തരം നാടകങ്ങൾ എന്ന് ഇതിലൂടെ വ്യക്തമാണ്. സംഭവത്തിനു പിന്നാലെ പൂനം പാണ്ഡെയുടെ ഇൻസ്റ്റഗ്രാം ഫോഴോവേഴ്‌സിന്റെ എണ്ണം ഒരു ലക്ഷത്തിലധികം കൂടിയിട്ടുണ്ട്.
Discussion about this post