ചെന്നെ: വിജയ്‌യുടെ പാർട്ടി പ്രഖ്യാപനം തമിഴകത്തും വിജയ് ആരാധകരുടെ ഇടയിലും ചൂടേറിയ ചർച്ചാ വിഷയമായി മാറിക്കഴിഞ്ഞു. ഏറെക്കാലമായി വിജയ്‌യുടെ രാഷ്ട്രീയ പ്രവേശനം സംബന്ധിച്ചുള്ള അഭ്യൂഹങ്ങൾ നടന്നുകൊണ്ടിരിക്കുന്നു. എല്ലാ അഭ്യൂഹങ്ങൾക്കൊടുവിൽ കഴിഞ്ഞ ദിവസമാണ് തന്റെ രാഷ്ട്രീയ പാർട്ടി വിജയ് പ്രഖ്യാപിച്ചത്. തമിഴക വെട്രി കഴികം എന്ന രാഷ്ട്രീയ പാർട്ടിയാണ് വിജയ് പ്രഖ്യാപിച്ചിരിക്കുന്നത്. തന്റെ 69-ാമത്തെ ചിത്രത്തിന് ശേഷം മുഴുവൻ സമയവും രാഷ്ട്രീയത്തിൽ ആകുമെന്നും സിനിമാ ജീവിതം അവസാനിപ്പിക്കുമെന്നും വിജയ് പ്രഖ്യാപിച്ചിരുന്നു.
രാഷ്ട്രീയ പ്രഖ്യപനത്തിന് ശേഷം ആദ്യമായി തന്റെ ആരാധകരെ നേരിട്ട് കണ്ടതിന്റെ വീഡിയോ ആണ് ഇപ്പോൾ സമൂഹമാദ്ധ്യമങ്ങളിൽ വൈറൽ. ഇപ്പോൾ ചിത്രീകരണം നടന്നുകൊണ്ടിരിക്കുന്ന വിജയ് ചിത്രം ദി ഗ്രേറ്റസ്റ്റ് ഓഫ് ഓൾ ടൈമിന്റെ (ഗോട്ട്) ലൊക്കേഷനിൽ തന്നെ കാണാനെത്തിയ ആരാധകർക്കൊപ്പം വിജയ് എടുത്ത സെൽഫി വീഡിയോ ആണ് പ്രചരിച്ചിരിക്കുന്നത്. എക്‌സ് അടക്കമുള്ള സമൂഹമാധ്യമ പ്ലാറ്റ്‌ഫോമുകളിൽ വീഡിയോ വൈറൽ ആയിട്ടുണ്ട്. ആയിരങ്ങളാണ് താരത്തെ കാണാൻ ലൊക്കേഷനിൽ തടിച്ച് കൂടിയത്.
വരാനിരിക്കുന്ന ലോക്സഭാ തിരഞ്ഞെടുപ്പിൽ വിജയ്‌യുടെ രാഷ്ട്രീയ പാർട്ടി മത്സരിക്കില്ല. രണ്ട് വർഷത്തിന് ശേഷം നടക്കാനിരിക്കുന്ന നിയമസഭാ തിരഞ്ഞെടുപ്പിൽ ജയിച്ച് ഭരണം പിടിക്കുകയാണ് ലക്ഷ്യമെന്നും താരം വ്യക്തമാക്കിയിട്ടുണ്ട്.
Discussion about this post