എറണാകുളം. കരുവന്നൂർ സഹകരണബാങ്ക് കേസിൽ സിപിഎം നേതാവ് എസി മൊയ്തീന് തിരിച്ചടി. എസി മൊയ്തീന്റെ സ്വത്തുക്കൾ കണ്ടുകെട്ടിയ എൻഫോഴ്‌സ്‌മെന്റ് ഡയക്ടറേറ്റിന്റെ നടപടി ഡൽഹി അഡ്ജ്യുടിക്കറ്റിംഗ് അതോറിറ്റി ശരിവച്ചു. മൊയ്തീന്റെ എതിർപ്പ് തള്ളിയാണ് നടപടി. എസി മൊയ്തീൻ, ഭാര്യ, മകൾ എന്നിവരുടെ പേരിലുള്ള ആറോളം ബാങ്ക് അക്കൗണ്ടുകളിലായി ഉണ്ടായിരുന്ന 40 ലക്ഷം രൂപയാണ് ഇഡി കണ്ടുകെട്ടിയിരുന്നത്.
ഇരുവരുടെയും ഭൂസ്വത്തുക്കൾ കണ്ടുകെട്ടിയവയിൽ ഉൾപ്പെടുന്നില്ലെന്നാണ് റിപ്പോർട്ട്. നടപടി ചോദ്യം ചെയ്ത് കൊണ്ട് മൊയ്തീൻ കോടതിയെ സമീപിച്ചിരുന്നു. തനിക്കെതിരെയാണ് അന്വേഷണം നടക്കുന്നത്. ഭാര്യയ്ക്കും മകൾക്കും കേസുമായി ഒരു ബന്ധവുമില്ല. തന്റൈ ഭാര്യ നഴ്‌സിംഗ് സൂപ്രണ്ടായിരുന്നു. ഇതിൽ നിന്നുമുള്ള വരുമാനമാണ് മകളുടെ അക്കൗണ്ടിലേക്ക് മാറ്റിയത് എന്നുമായിരുന്നു മൊയ്തീന്റെ വാദം. എന്നാൽ, ഈ എതിർപ്പുകളെല്ലാം തള്ളളിക്കൊണ്ടാണ് അഡ്ജ്യുടിക്കറ്റിംഗ് അതോറിറ്റി ഇഡി നടപടി ശരിവച്ചിരിക്കുന്നത്.
കേസുമായി ബന്ധപ്പെട്ട് നേരത്തെ 15 കോടിയുടെ സ്വത്തുക്കൾ ഇഡി പിടിച്ചെടുത്തിരുന്നു. മൊയ്തീന്റെയും ഭാര്യയുടെയും പേരിലുള്ള ഫിക്‌സഡ് ഡെപ്പോസിറ്റുകളും ഇഡി മരവിപ്പിച്ചിരുന്നു. കേരളം കണ്ട ഏറ്റവും വലിയ കൊള്ളയാണ് കരുവന്നൂർ ബാങ്കിൽ നടന്നതെന്നാണ് ഇഡി പറയുന്നത്. 300 കോടിയുടെ ക്രമക്കേട് ബാങ്കിൽ നടന്നിട്ടുണ്ടെന്നായിരുന്നു പ്രഥമിക നിഗമനം. ഉന്നതതല കമ്മിറ്റിയുടെ അന്വേഷണത്തിൽ 219 കോടിയുടെ തട്ടിപ്പ് നടന്നിട്ടുണ്ടെന്ന് കണ്ടെത്തി. അഞ്ച് പ്രതികളുടെ സ്വത്തുക്കളാണ് ആദ്യം കണ്ടുകെട്ടിയത്. പിന്നീട് ക്രമ്രക്കേട് നടത്തിയ 26 കോടിയോളം രൂപ ഈടാക്കാനുള്ള റവന്യൂ റിക്കവറി നടപടികളിലേക്ക് കടന്നിരുന്നെങ്കിലും പ്രതികളുടെ ഹർജിയിൽ ഇത് സ്‌റ്റേ ചെയ്യുകയായിരുന്നു.
Discussion about this post