കണ്ണൂർ : ലോകചരിത്രത്തിൽ തന്നെ ഇതുവരെ ഉണ്ടായിട്ടില്ലാത്ത സംഭവമായിരുന്നു നവകേരള യാത്രയെന്ന് എൽഡിഎഫ് കൺവീനർ ഇ പി ജയരാജൻ. കേരളത്തിലെ എല്ലാ മണ്ഡലങ്ങളിലെയും ജനങ്ങളോട് മുഖ്യമന്ത്രി സംസാരിച്ചു അത്തരത്തിലുള്ള പദ്ധതികൾ ഇനിയും ഉണ്ടാകും. പുതിയ കേരളം സൃഷ്ടിക്കുന്നതിനുള്ള പല പദ്ധതികളും ആവിഷ്കരിച്ചു വരികയാണെന്നും ഇ പി ജയരാജൻ വ്യക്തമാക്കി.
കേരള സർക്കാരിന്റെ ഡൽഹിയിലെ സമരത്തിനെതിരെ വിമർശനമുന്നയിച്ച കേന്ദ്രമന്ത്രി വി മുരളീധരനെ ഇ പി ജയരാജൻ രൂക്ഷമായി കുറ്റപ്പെടുത്തി. കഷ്ടകാലത്തിന് പരദൂഷണം പറയുന്നവർ മന്ത്രിമാർ ആയിരിക്കുകയാണ് എന്നായിരുന്നു വി മുരളീധരനെ കുറിച്ച് ഇ പി ജയരാജൻ സൂചിപ്പിച്ചത്. സമരത്തിന് വന്നവരാരും കേരളത്തിന്റെ ഖജനാവിലെ കാശുകൊണ്ട് അല്ല വന്നത്. സ്വന്തം ചിലവിലാണ് അവർ സമരത്തിന് വരുന്നത് എന്നും ഇ പി ജയരാജൻ അഭിപ്രായപ്പെട്ടു.
കേരളത്തിന് അർഹതപ്പെട്ട സാമ്പത്തികം കേന്ദ്രം അനുവദിക്കാതിരിക്കുന്നത് മനപ്പൂർവമാണ്. ഇത്തരത്തിൽ സാമ്പത്തിക സഹായം നൽകാതിരിക്കുന്നതിലൂടെ കേരള സർക്കാരിനെതിരെ ജനവികാരം ഉണ്ടാക്കാനാണ് കേന്ദ്ര സർക്കാർ ശ്രമിക്കുന്നത്. എന്നാൽ എൽഡിഎഫ് ഡൽഹിയിൽ നടത്തുന്ന സമരത്തിലൂടെ കേന്ദ്രത്തിന്റെ കണ്ണ് തുറപ്പിക്കും. ഡൽഹിയിൽ നടത്തുന്ന സമരവുമായി ബന്ധപ്പെട്ട് കേരളത്തിലും പരിപാടികൾ സംഘടിപ്പിക്കും എന്നും ഇ പി ജയരാജൻ വ്യക്തമാക്കി.
Discussion about this post