തൃശ്ശൂർ : അമിത പലിശ വാഗ്ദാനം ചെയ്ത് നിക്ഷേപത്തട്ടിപ്പ് നടത്തിയ നാല് ധനകാര്യ സ്ഥാപനങ്ങളുടെ സ്വത്തുക്കൾ കണ്ടുകെട്ടാൻ ജില്ലാ കളക്ടറുടെ ഉത്തരവ്. തിരുവനന്തപുരം കേന്ദ്രമാക്കി പ്രവർത്തിക്കുന്ന ശ്രീ ആനന്ദപുരി നിധി ലിമിറ്റഡ്, കണ്ടല സർവീസ് കോ-ഓപ്പറേറ്റീവ് ബാങ്ക്, എറണാകുളത്തെ അൻവി ഫ്രഷ് പ്രൈവറ്റ് ലിമിറ്റഡ്, എമിറേറ്റ്സ് ഗോൾഡ് സൂക്ക് എന്നീ ധനകാര്യ സ്ഥാപനങ്ങളുടെ തൃശ്ശൂരിലുള്ള സ്വത്തുക്കൾ കണ്ടു കെട്ടാൻ ആണ് ഉത്തരവിട്ടിരിക്കുന്നത്.
2019 ലെ ബഡ്സ് ആക്ട് നിയമത്തിന് വിരുദ്ധമായി പൊതുജനങ്ങൾക്ക് അമിത പലിശ വാഗ്ദാനം ചെയ്തുകൊണ്ട് നിക്ഷേപങ്ങൾ സ്വീകരിക്കുകയും പിന്നീട് നിക്ഷേപകർ ആവശ്യപ്പെട്ടിട്ടും പണം തിരികെ നൽകാതിരിക്കുകയും ചെയ്തതിന്റെ പേരിലാണ് ജില്ലാ കളക്ടർ നടപടി സ്വീകരിച്ചിരിക്കുന്നത്. വഞ്ചന കുറ്റം നടത്തിയ ഈ ധനകാര്യ സ്ഥാപനങ്ങളുടെ പേരിലോ ഉടമകളുടെ പേരിലോ തൃശ്ശൂർ ജില്ലയിലുള്ള സ്ഥാവരജംഗമ വസ്തുക്കൾ താൽക്കാലികമായി ജപ്തി ചെയ്യുന്നതിനും പിന്നീട് ജപ്തി സ്ഥിരം ആക്കുന്നതിനായി നിയുക്ത കോടതി മുമ്പാകെ ഹർജി ഫയൽ ചെയ്യുന്നതിനും ആണ് ജില്ലാ മജിസ്ട്രേറ്റ് കൂടിയായ കളക്ടർ ഉത്തരവിട്ടിരിക്കുന്നത്.
സ്വത്തുക്കൾ കണ്ടു കെട്ടുന്നതിനായി ഈ സ്ഥാപനങ്ങളുടെ പേരിലുള്ള സ്വത്തുക്കളുടെ മഹസർ, ലൊക്കേഷൻ സ്കെച്ച്, തണ്ടപ്പേർ പകർപ്പ് എന്നിവ ഉൾപ്പെടെയുള്ള റിപ്പോർട്ട് തഹസിൽദാർമാർ തയ്യാറാക്കണമെന്ന് ജില്ലാ കളക്ടർ വി ആർ കൃഷ്ണതേജ ആവശ്യപ്പെട്ടിട്ടുണ്ട്. ഈ സ്ഥാപനങ്ങളുടെയോ ഉടമസ്ഥരുടെയോ പേരിൽ തൃശ്ശൂർ ജില്ലയിലെ ബാങ്കുകളിൽ ഉള്ള എല്ലാ അക്കൗണ്ടുകളും ഫിക്‌സഡ് ഡെപ്പോസിറ്റുകളും മരവിപ്പിക്കുന്നതിനുള്ള നടപടികൾ സ്വീകരിക്കണമെന്ന് ബാങ്ക് അധികൃതർക്കും കളക്ടർ നിർദ്ദേശം നൽകിയിട്ടുണ്ട്.
Discussion about this post