എറണാകുളം: പിഫ് ലഭിക്കാത്തതിനെ തുടർന്ന് വയോധികൻ വിഷം കഴിച്ച് ആത്മഹത്യ ചെയ്ത സംഭവത്തിൽ കേസ് എടുത്ത് പോലീസ്. കൊച്ചി നോർത്ത് പോലീസാണ് കേസ് രജിസ്റ്റർ ചെയ്തത്. തൃശ്ശൂർ പേരാമ്പ്ര സ്വദേശി ശിവരാമൻ ആണ് വിഷം കഴിച്ച് ആത്മഹത്യ ചെയ്തത്.
നിലവിൽ അസ്വാഭാവിക മരണത്തിനാണ് കേസ് രജിസ്റ്റർ ചെയ്തിട്ടുള്ളത്. അന്വേഷണത്തിൽ ലഭിക്കുന്ന വിവരങ്ങളുടെ അടിസ്ഥാനത്തിൽ തുടർ നടപടികൾ സ്വീകരിക്കും. അന്വേഷണത്തിന്റെ ഭാഗമായി കൊച്ചിയിലെ പിഎഫ് ഓഫീസിലെ ജീവനക്കാരിൽ നിന്നും മൊഴിയെടുക്കുമെന്നാണ് വിവരം.
ഇന്നലെയാണ് വിഷം കഴിച്ച് ചികിത്സയിലിരിക്കെ ശിവരാമൻ മരിച്ചത്. ക്യാൻസർ ബാധിതൻ കൂടിയായ അദ്ദേഹത്തിന് 80,000 രൂപ പിഎഫ് തുക ലഭിക്കാനുണ്ടായിരുന്നു. ഇത് ലഭിക്കുന്നതിനായി വർഷങ്ങളായി അദ്ദേഹം പിഎഫ് ഓഫീസ് കയറി ഇറങ്ങിയിറങ്ങി എങ്കിലും ഫലം കണ്ടില്ല. ഇതോടെ കഴിഞ്ഞ ദിവസം പിഎഫ് ഓഫീസിലെ ശുചിമുറിയ്ക്കുള്ളിൽ വിഷം കഴിക്കുകയായിരുന്നു.
സംഭവത്തിൽ ജീവനക്കാർക്കെതിരെ ശക്തമായ പ്രതിഷേധം ഉയർന്നിരുന്നു. ഇതിനിടെയാണ് പോലീസ് കേസ് എടുത്തത്. അതേസമയം ജീവനക്കാരുടെ പേരിൽ നരഹത്യക്ക് കേസെടുക്കണമെന്നാവശ്യപെട്ട് വിവിധ സംഘടനകൾ രംഗത്തു വന്നിട്ടുണ്ട്. ഇന്ന് രാവിലെ കൊച്ചി പി എഫ് ഓഫീസിന് മുന്നിൽ ഫോഴ്‌സ് എന്ന സംഘടന പ്രതിഷേധ യോഗം ചേരും.
Discussion about this post