ഡെറാഡൂൺ: യൂണിഫോം സിവിൽ കോഡ് ഇസ്ലാം വിരുദ്ധമാണെന്ന റിപ്പോർട്ടുകൾ തള്ളി ഉത്തരാഖണ്ഡ് വഖഫ് ബോർഡ്. (യുസിസി) 2024 ബിൽ സംസ്ഥാന നിയമസഭയിൽ പാസാക്കിയതിന് തൊട്ടുപിന്നാലെയാണ് വഖഫ് ബോർഡിന്റെ സുപ്രധാന പ്രസ്താവന.
വിവാഹം, വിവാഹമോചനം, പിന്തുടർച്ച, ഭൂസ്വത്ത് തുടങ്ങിയ വിഷയങ്ങളിലെ മാനദണ്ഡങ്ങളെല്ലാം ഏകീകരിക്കുന്ന ഏക വ്യക്തി നിയമം പിന്തുടരുന്നതിൽ യാതൊരു പ്രശ്‌നവുമില്ലെന്നും അത് ഇസ്‌ലാമിക വിശ്വാസത്തെ മുറിപ്പെടുത്തില്ലെന്നും വഖഫ് ബോർഡ് ചെയർമാൻ ഷദാബ് ഷാംസ് അറിയിച്ചു.
‘രാജ്യം മുഴുവൻ ഈ ബില്ലിനെ അംഗീകരിക്കുമെന്നാണ് കരുതുന്നത്. ബിൽ ഇസ്‌ലാമിക വിരുദ്ധമാണെന്നാണു മുസ്‌ലിം സമുദായങ്ങൾക്കിടയിൽ പ്രചരിപ്പിക്കുന്നത്. എന്നാൽ ബില്ലിൽ ഇസ്‌ലാമിക വിശ്വാസത്തെ മുറിവേൽപ്പിക്കുന്ന യാതൊന്നും ഇല്ല. ഒരു യഥാർഥ മുസ്‌ലിം എന്ന നിലയിൽ, ഖുറാന്റെ വെളിച്ചത്തിൽ ഞാൻ പറയട്ടെ, ഈ നിയമം പിന്തുടരുന്നതിൽ എനിക്ക് യാതൊരു പ്രശ്‌നവുമില്ല. ഇതിനെ എതിർക്കുന്നവർ യഥാർഥ മുസ്‌ലിം അല്ല. കോൺഗ്രസും സമാജ്‌വാദി പാർട്ടിയുമായി ബന്ധമുള്ള ‘രാഷ്ട്രീയ മുസ്‌ലിമുകളാണ്’ ഈ നിയമത്തിനെതിരെ പറയുന്നത്. വീണ്ടും പൂർണ ഉത്തരവാദിത്തതോടെ ഞാൻ പറയട്ടെ, ഈ ബിൽ ഇസ്‌ലാമിക നിയമങ്ങൾ ലംഘിക്കുന്നില്ലെന്ന് അദ്ദേഹം വ്യക്തമാക്കി.
Discussion about this post