തിരുവനന്തപുരം : കഴിഞ്ഞദിവസം കിളിമാനൂരിൽ റോഡരികിൽ മരണപ്പെട്ട നിലയിൽ കണ്ടെത്തിയ യുവാവിന്റെ മരണകാരണം സൂര്യതാപമേറ്റതെന്ന് പോസ്റ്റ്മോർട്ടം റിപ്പോർട്ട്. യുവാവിന്റെ മൃതദേഹം പോസ്റ്റ്മോർട്ടം ചെയ്ത ശേഷം ലഭിച്ച പ്രാഥമിക റിപ്പോർട്ടിലാണ് സൂര്യാഘാതം ഏറ്റതാണ് മരണത്തിന് കാരണമായതെന്ന് വ്യക്തമാക്കിയിട്ടുള്ളത്. തട്ടത്തുമല സ്വദേശിയായ സുരേഷ് എന്ന 33 വയസ്സുകാരനാണ് മരണപ്പെട്ടത്.
വെള്ളിയാഴ്ച രാവിലെ ആയിരുന്നു കിളിമാനൂരിലെ കാനറയിൽ വെച്ച് സുരേഷ് കുഴഞ്ഞു വീണത്. മദ്യപിച്ച് ബോധമില്ലാതെ വീണു കിടക്കുകയാണെന്ന് കരുതി അതുവഴി പോയവരോ സമീപവാസികളോ ആരും തന്നെ തിരിഞ്ഞു നോക്കിയില്ല. വൈകുന്നേരം ആയിട്ടും എഴുന്നേൽക്കാതെ ആയതോടെയാണ് സുരേഷിനെ ആശുപത്രിയിൽ എത്തിച്ചത്.
ആശുപത്രിയിൽ എത്തിക്കുമ്പോഴേക്കും യുവാവ് മരണപ്പെട്ടിരുന്നു. തുടർന്ന് നടത്തിയ പരിശോധനയിൽ ശരീരത്തിൽ സൂര്യാഘാതം ഏറ്റതിന്റെ പൊള്ളലേറ്റ പാടുകൾ ഡോക്ടർമാർ കണ്ടെത്തുകയായിരുന്നു. ഇതിനെ തുടർന്നാണ് സുരേഷിന്റെ മൃതദേഹം മെഡിക്കൽ കോളേജ് ആശുപത്രിയിൽ എത്തിച്ച് പോസ്റ്റ്മോർട്ടം നടത്തിയത്.
Discussion about this post