ബംഗളൂരു : കർണാടകയിലെ ഗദഗ് ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് മെഡിക്കൽ സയൻസിലെ 38 മെഡിക്കൽ വിദ്യാർഥികൾക്കെതിരെ നടപടിയെടുത്ത് കോളേജ് അധികൃതർ. ആശുപത്രിയിൽ വച്ച് ഇൻസ്റ്റഗ്രാം റീൽസ് ചിത്രീകരിച്ചതിനാണ് വിദ്യാർത്ഥികൾക്കെതിരെ കൂട്ടത്തോടെ നടപടി എടുത്തിരിക്കുന്നത്. സമൂഹമാദ്ധ്യമങ്ങളിൽ പ്രചരിച്ച വീഡിയോ ശ്രദ്ധയിൽപ്പെട്ടതോടെയാണ് മെഡിക്കൽ കോളേജ് അധികൃതർ നടപടി സ്വീകരിച്ചിരിക്കുന്നത്.
മെഡിക്കൽ ബിരുദദാന ചടങ്ങിന് മുന്നോടിയായാണ് 38ഓളം വിദ്യാർത്ഥികൾ ചേർന്ന് ആശുപത്രിയുടെ അന്തരീക്ഷത്തിൽ ഇൻസ്റ്റഗ്രാം റീൽസ് ചിത്രീകരിച്ചത്. ആശുപത്രിക്ക് ഉള്ളിൽ വച്ച് ഇത്തരം കാര്യങ്ങൾ ചെയ്യുന്നത് ചട്ടലംഘനം ആണെന്ന് മെഡിക്കൽ കോളേജ് അധികൃതർ ചൂണ്ടിക്കാട്ടി. രോഗികൾക്ക് ബുദ്ധിമുട്ട് ഉണ്ടാക്കുന്ന രീതിയിൽ ഉണ്ടാകുന്ന ഏത് പ്രവർത്തനവും ഗുരുതരമായ തെറ്റാണെന്ന് കോളേജ് ഡയറക്ടർ ആയ ഡോ. ബസവരാജ് ബൊമ്മനഹള്ളി വ്യക്തമാക്കി.
വിദ്യാർഥികൾക്കെതിരായുള്ള നടപടിയുടെ ഭാഗമായി ഇവരുടെ ഹൗസ്മാൻഷിപ്പ് 10 ദിവസത്തേക്ക് അധികം നീട്ടിയതായി കോളേജ് ഡയറക്ടർ അറിയിച്ചു. അധികൃതരിൽ നിന്നും യാതൊരു അനുമതിയും വാങ്ങാതെയാണ് മെഡിക്കൽ വിദ്യാർഥികൾ ഇത്തരം ഒരു കാര്യം നടത്തിയതെന്നും മറ്റുള്ളവർക്ക് മാതൃകയാകേണ്ട മെഡിക്കൽ വിദ്യാർത്ഥികളിൽ നിന്നും ഇത്തരം ഒരു തെറ്റ് ഇനി ഉണ്ടാകരുതെന്നും കോളേജ് ഡയറക്ടർ ഔദ്യോഗിക പ്രസ്താവനയിൽ അറിയിച്ചു.
Discussion about this post