ന്യൂഡൽഹി: ഇന്ത്യയെ മാതൃകയാക്കി ക്യാഷ് ലെസ് സേവനങ്ങൾക്കായി ചുവടുവച്ച് ശ്രീലങ്കയും മൗറീഷ്യസും. ഇരു രാജ്യങ്ങളിലെയും യുപിഐ സേവനങ്ങൾക്ക് ഇന്ന് തുടക്കമാകും. പ്രധാനമന്ത്രി നരേന്ദ്ര മോദിയുമായി ചേർന്നാണ് ഇരു രാജ്യങ്ങളിലെയും നേതാക്കൾ പുതിയ സേവനത്തിന് തുടക്കമിടുക.
ഉച്ചയ്ക്ക് ഒരു മണിയ്ക്കാണ് പരിപാടി. ഇതിൽ മൗറീഷ്യസ് പ്രധാനമന്ത്രി പ്രവിന്ദ് ജുഗ്നൗത്, പ്രസിഡന്റ് റെനിൽ വിക്രമസിംഗെ എന്നിവർക്കൊപ്പം വെർച്വലായിട്ടാണ് പ്രധാനമന്ത്രി നരേന്ദ്ര മോദി പങ്കെടുക്കുക. യുപിഐ പേയ്‌മെന്റിന് പുറമേ റുപേയ് കാർഡുകൾക്കും മൗറീഷ്യസ് ഇന്ന് തുടക്കം കുറിയ്ക്കും. മൗറീഷ്യസിലെ ഇന്ത്യക്കാർക്ക് വേണ്ടിയാണ് ഇത്.
യുപിഐ പേയ്‌മെന്റുകൾ ആരംഭിക്കുന്നതോട് കൂടി ശ്രീലങ്കയിലെയും മൗറീഷ്യസിലെയും ഇന്ത്യക്കാർക്ക് പണമിടപാട് കൂടുതൽ എളുപ്പമാകും. ഇതിന് പുറമേ ഇന്ത്യയിൽ എത്തുന്ന മൗറീഷ്യസ് ശ്രീലങ്കൻ പൗരന്മാർക്കും ഇത് സഹായകരമാണ്. ഇതോടെ ഡിജിറ്റൽ പേയ്‌മെന്റ് രംഗത്ത് ഇരു രാജ്യങ്ങൾ തമ്മിലുള്ള ബന്ധം ദൃഢമാകും.
അടുത്തിടെ ഇന്ത്യയുടെ മാതൃക സ്വീകരിച്ച് പാരിസിലെ ഈഫൽ ടവറിൽ യുപിഐ പേയ്‌മെന്റിന് തുടക്കം കുറിച്ചിരുന്നു. ഇതിന് പിന്നാലെയാണ് മൗറീഷ്യസും ശ്രീലങ്കയും ഡിജിറ്റൽ പണമിടപാടിലേക്ക് ചുവടുവയ്ക്കുന്നത്. റിപ്പബ്ലിക് ദിനത്തിൽ മുഖ്യാതിഥിയായി എത്തിയ ഫ്രഞ്ച് പ്രസിഡന്റ് ഇമ്മാനുവൽ മാക്രോൺ യുപിഐ പേയ്‌മെന്റ് ഉപയോഗിച്ച് പണമിടപാട് നടത്തിയിരുന്നു. ഇതിൽ നിന്നും പ്രോത്സാഹനം ഉൾക്കൊണ്ട് ഈ മാസം രണ്ടിനായിരുന്നു യുപിഐ പേയ്‌മെന്റ് ഫ്രാൻസിൽ ആരംഭിച്ചത്.
Discussion about this post