എറണാകുളം: തൃപ്പൂണിത്തുറയിലെ പടക്ക സംഭരണശാലയിലുണ്ടായ സ്‌ഫോടനത്തിൽ കേസ് എടുത്ത് പോലീസ്. സംഭവത്തിൽ നാല് പേരെ കസ്റ്റഡിയിൽ എടുത്തു. പുതിയകാവ് അമ്പല കമ്മിറ്റി ഭാരവാഹികളാണ് ഇവർ.
മനപ്പൂർവം അല്ലാത്ത നരഹത്യയ്ക്കാണ് പോലീസ് കേസ് എടുത്തത്. അപകടത്തിന് പിന്നാലെ മറ്റ് ഭാരവാഹികൾ ഒളിവിലാണ്. ഇവർക്കായി അന്വേഷണം ആരംഭിച്ചു. ഉത്സവത്തിന്റെ ഭാഗമായി വെടിക്കെട്ട് നടത്താൻ ക്ഷേത്രത്തിന് അനുമതിയില്ലെന്ന് അന്വേഷണത്തിൽ വ്യക്തമായിരുന്നു. അനധികൃതമായാണ് വൻ സ്‌ഫോടക ശേഖരം സംഭരണശാലയിൽ എത്തിച്ചതും സൂക്ഷിച്ചതും. ഇതേ തുടർന്നാണ് ഇവർക്കെതിരെ പോലീസ് കേസ് എടുത്തത്. ഇന്നലെ വൈകീട്ട് തെക്കുംപുറം വിഭാഗം വെടിക്കെട്ട് നടത്തിയിരുന്നു. ഇതിൽ ഭാരവാഹികൾക്കെതിരെ പോലീസ് കേസ് എടുത്ത് അന്വേഷണം നടത്തിവരികയായിരുന്നു. ഇതിനിടെയാണ് വൻ പൊട്ടിത്തെറിയുണ്ടായത്. ഇന്ന് വൈകുന്നേരം വടക്കുംപുറം കരയോഗത്തിൻറെ വെടിക്കെട്ടായിരുന്നു നടത്താനിരുന്നത്.
ഇന്ന് രാവിലെയോടെയായിരുന്നു ക്ഷേത്രത്തിന് സമീപത്തെ പടക്ക സംഭരണ ശാലയിൽ പൊട്ടിത്തെറിയുണ്ടായത്. വാഹനത്തിൽ എത്തിച്ച പടക്കങ്ങളും മറ്റ് സ്‌ഫോടക വസ്തുക്കളും സംഭരണശാലയിലേക്ക് മാറ്റുകയായിരുന്നു. ഇതിനിടെയാണ് പൊട്ടിത്തെറിയുണ്ടായത്. അപകടത്തിൽ ഒരാൾ മരിച്ചിട്ടുണ്ട്. ടെംപോ ട്രാവലർ ഡ്രൈവറായ ഉള്ളൂർ പോങ്ങുമ്മൂട് സ്വദേശി വിഷ്ണുവാണ് മരിച്ചത്. സ്ത്രീകളും കുട്ടികളുമടക്കം 16 പേർക്ക് പരിക്കേറ്റു. 45 ലേറെ വീടുകൾക്ക് കേടുപാടുകൾ സംഭവിച്ചു. നിരവധി വാഹനങ്ങളും കത്തിനശിച്ചു.
Discussion about this post