കണ്ണൂർ : കണ്ണൂർ കൊട്ടിയൂരിൽ നിന്നും പിടികൂടിയ കടുവയെ തിരികെ കാട്ടിലേക്ക് വിടില്ലെന്ന് ഡി എഫ് ഒ. പരിശോധനയിൽ കടുവയുടെ വലതുവശത്തെ ഉളിപ്പല്ല് നഷ്ടപ്പെട്ടതായി കണ്ടെത്തിയിട്ടുള്ളതിനാലാണ് കടുവയെ തിരികെ കാട്ടിലേക്ക് അയക്കില്ലെന്ന് തീരുമാനമെടുത്തത്. ഇത്തരത്തിൽ പല്ല് നഷ്ടപ്പെട്ട സാഹചര്യത്തിൽ കാട്ടിൽ വേട്ടയാടി ഇരപിടിച്ച് അതിജീവിക്കാനുള്ള സാഹചര്യം കടുവയ്ക്ക് ഉണ്ടാകില്ലെന്നും വീണ്ടും നാട്ടിലേക്ക് ഇറങ്ങാൻ സാധ്യതയുണ്ടെന്നും കണക്കാക്കിയാണ് ഇത്തരത്തിൽ ഒരു തീരുമാനമെടുത്തതെന്ന് ഡിഎഫ്ഒ അറിയിച്ചു.
കണ്ണൂർ കൊട്ടിയൂരിലെ പന്നിയാൻ മലയിലാണ് കമ്പിവേലിക്കിടയിൽ കുടുങ്ങിയ നിലയിൽ കടുവയെ കണ്ടെത്തിയത്. തുടർന്ന് വനം വകുപ്പ് മയക്കുവെടി വെച്ച് പിടികൂടുകയായിരുന്നു. ആരോഗ്യമുള്ള കടുവയാണെങ്കിലും പല്ല് നഷ്ടപ്പെട്ടത് കാരണം കാട്ടിൽ നിന്നും ഇര തേടാൻ ബുദ്ധിമുട്ട് അനുഭവിക്കും എന്നാണ് വനം വകുപ്പിന്റെ നിഗമനം. ഇത്തരത്തിലുള്ള അവസരങ്ങളിലാണ് പലപ്പോഴും വന്യമൃഗങ്ങൾ ജനവാസ മേഖലകളിലേക്ക് ഇറങ്ങുന്നതും മനുഷ്യരെയും വളർത്തു മൃഗങ്ങളെയും ആക്രമിക്കുകയും ചെയ്യുന്നത്.
ചൊവ്വാഴ്ച റബ്ബർ ടാപ്പിങ്ങിന് പോയ യുവാവാണ് കമ്പിവേലിക്കിടയിൽ കുടുങ്ങിയ നിലയിൽ കടുവയെ കണ്ടെത്തിയത്. തുടർന്ന് ഇയാൾ വനം വകുപ്പിനെ വിവരം അറിയിക്കുകയായിരുന്നു. പിടികൂടിയ കടുവയുടെ പല്ല് നേരത്തെ തന്നെ പോയതായിരിക്കാം എന്നാണ് കരുതുന്നത്. കടുവയെ മൃഗശാലയിലേക്ക് മാറ്റാനാണ് വനം വകുപ്പ് തീരുമാനിച്ചിട്ടുള്ളത്. ഡോക്ടറുടെ റിപ്പോർട്ട് ലഭിച്ചശേഷം തുടർനടപടികൾ സ്വീകരിക്കുമെന്ന് ഡി എഫ് ഒ അറിയിച്ചു.
Discussion about this post