അബുദാബി: ഭാരതം പ്രവാസി സമൂഹത്തെ ഓർത്ത് അഭിമാനിക്കുന്നുവെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി. അബുദാബിയിൽ സംഘടിപ്പിച്ച അഹ്‌ലൻ മോദി പരിപാടിയിൽ പങ്കെടുത്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം. മലയാളം ഉൾപ്പെടെയുള്ള ഭാഷകളിലാണ് പ്രധാനമന്ത്രി ഈ വാചകം പറഞ്ഞത്.
തന്നെ കാണാൻ സയിദ് സ്‌പോർട്‌സ് സ്‌റ്റേഡിയത്തിൽ എത്തിയതിലൂടെ നിങ്ങൾ പുതിയ ചരിത്രമാണ് രചിച്ചിരിക്കുന്നത്. ഇന്ത്യയുടെ വിവിധ ഭാഗങ്ങളിൽ നിന്നും യുഎഇയുടെ വിവിധ ഭാഗങ്ങളിലേക്ക് എത്തിയവരാണ് നിങ്ങൾ. എന്നാൽ നിങ്ങളുടെ ഹൃദയങ്ങൾ പരസ്പരം ബന്ധപ്പെട്ടിരിക്കുന്നു. ഇവിടെയെത്തിയ എല്ലാവരുടെ ഹൃദയവും ശ്വാസവും ശബ്ദവും ഒന്നാണ് മന്ത്രിയ്ക്കുന്നത്. ഇന്ത്യയും യുഎഇയും തമ്മിലുള്ള ബന്ധം എല്ലാക്കാലത്തും തുടരട്ടെ.
താൻ ഇവിടെയെത്തിയിരിക്കുന്ന കുടുംബാംഗങ്ങളെ കാണാനാണ്. ജന്മനാടിന്റെ ഗന്ധവും 140 കോടി ജനങ്ങളുടെ സന്ദേശവുമായാണ് താൻ ഇവിടെയെത്തിയിരിക്കുന്നത്. ഭാരതം നിങ്ങളെ ഓർത്ത് അഭിമാനിക്കുന്നു എന്നതാണ് ആ സന്ദേശമെന്നും പ്രധാനമന്ത്രി പറഞ്ഞു.
പ്രധാനമന്ത്രിയായി അധികാരത്തിലേറിയതിന് ശേഷം 2015 ൽ യുഎഇയിലേക്ക് നടത്തിയ ആദ്യ സന്ദർശനം ആണ് ഇപ്പോൾ ഓർക്കുന്നത്. 30 വർഷങ്ങൾക്ക് ശേഷം ആദ്യമായിട്ടാണ് ഇന്ത്യൻ പ്രധാനമന്ത്രി യുഎഇയിൽ എത്തുന്നത്. നയതന്ത്രത്തിന്റെ ലോകം തനിക്ക് പുതിയത് ആയിരുന്നു. വിമാനത്താവളത്തിൽ നിന്നും തന്നെ സ്വീകരിക്കുമ്പോൾ ഭരണാധികാരിയുടെ കണ്ണിൽ കണ്ട സന്തോഷം ഇന്നും ഓർക്കുന്നു. അന്ന് സ്വീകരണം ലഭിച്ചത് തനിക്ക് മാത്രമല്ല. ഭാരത്തിലെ 140 കോടി ജനങ്ങൾക്ക് കൂടിയായിരുന്നുവെന്നും പ്രധാനമന്ത്രി വ്യക്തമാക്കി.
Discussion about this post