മുംബൈ: മദ്യപിച്ച് വാഹനമോടിച്ച് വഴിയരികില്‍ കിടന്നുറങ്ങിയിരുന്നയാളെ കൊലപ്പെടുത്തിയ കേസില്‍ ബോൡുഡ് നടന് സല്മാന് ഖാനെതിരെ തെളിവുകള്‍ ശേഖരിയ്ക്കുന്നതില്‍ വീഴ്ച പറ്റിയെന്ന് പൊലീസ്. കേസ് അന്വേഷണത്തിലെ പ്രധാനപ്പെട്ട വീഴ്ചകളും വൈരുദ്ധ്യങ്ങളും ചൂണ്ടിക്കാട്ടി മുംബൈ പൊലീസ് അസിസ്റ്റന്റ് കമ്മീഷണര്‍ കെ.എം.എം പ്രസന്ന നഗരത്തിലെ എല്ലാ പൊലീസ് സ്റ്റേഷനുകള്‍ക്കും സര്‍ക്കുലര്‍ അയച്ചു.
കേസില്‍ അന്വേഷണ ഉദ്യോഗസ്ഥന് സംഭവിച്ച ഗുരുതര വീഴ്ചകളില്‍ നിന്ന് പഠിയ്ക്കണമെന്നും ഇത് ആവര്ത്തിയ്ക്കപ്പെടാന് പാടില്ലെന്നും അസി.കമ്മീഷണര്‍ വ്യക്തമാക്കി. പ്രധാനമായും 16 കാര്യങ്ങളാണ് സര്‍ക്കുലറില്‍ പരാമര്‍ശിയ്ക്കുന്നത്. സല്മാന് ഖാന് മദ്യപിച്ചതായി ആരോപിയ്ക്കപ്പെടുന്ന സാന്താക്രൂസിലുള്ള ബാറിലെ ബില്‍ സംബന്ധിച്ച് ആവശ്യമായ തെളിവില്ല, ഇതിന് ശേഷം സല്മാന് പോയതായി പറയുന്ന മാരിയറ്റ് ഹോട്ടലിലെ ബില്ലുകളും പിടിച്ചെടുത്തിരുന്നെങ്കിലും ഉപയോഗിച്ചില്ല. ബാറില്‍ നിന്ന് സല്മാന് എവിടേയ്ക്കാണ് പോയതെന്നത് സംബന്ധിച്ച് വ്യക്തത വരുത്താന്‍ ഇത് മൂലം കഴിഞ്ഞില്ലെന്നും വിമര്‍ശനമുയര്‍ന്നു.
2002 സെപ്റ്റംബര്‍ 28ന് തന്നെ വൈദ്യപരിശോധനയ്ക്ക് വിധേയനാകാന്‍ എത്തുകയും ബാന്ദ്ര പൊലീസ് സ്റ്റേഷനില്‍ ഹാജരാവുകയും ചെയ്ത സല്‍മാനെ ഏറെ വൈകി മാത്രമാണ് രക്തസാമ്പിള്‍ ശേഖരിയ്ക്കാനായി ജെ.ജെ ആശുപത്രിയില്‍ കൊണ്ടുപോയത്. കൊല്ലപ്പെട്ട നരൂലയുടെ രക്തമെടുത്തത് ഭാഭ ആശുപത്രിയിലായിരിയ്ക്കെ എന്തിനാണ് സല്‍മാനെ ജെ.ജെ ആശുപത്രിയിലേയ്ക്ക് കൊണ്ടു പോയതെന്നത് സംബന്ധിച്ച് യാതൊരു വിശദീകരണവുമില്ല.
ആശുപത്രിയില്‍ നിന്ന് സല്‍മാന്റെ രക്തസാമ്പിള്‍ ശേഖരിച്ച് പൊലീസ് സ്റ്റേഷനിലെത്തിച്ച കോണ്‍സ്റ്റബിളിന്റെ മൊഴിയെടുത്തില്ല. ആറ് മില്ലി ലിറ്റര്‍ രക്തം ശേഖരിച്ചെങ്കിലും നാല് മില്ലി മാത്രമാണ് ലബോറട്ടറിയിലെത്തിയത്. ലബോറട്ടറിയിലെ ക്ലര്‍ക്കിനെ ചോദ്യം ചെയ്തില്ല. വൈദ്യപരിശോധന രേഖകള്‍ അന്വേഷണ ഉദ്യോഗസ്ഥന് പരിശോധിച്ചില്ല.
എഫ്.ഐ.ആറില്‍ രണ്ട് സ്ഥലത്ത് മാറ്റം വരുത്തിയത് ദുരൂഹമാണ്. ഇതിനും വിശദീകരണമില്ല. മതിയായ സാക്ഷിമൊഴികളില്ല. ടയര്‍ പൊട്ടിയതാണ് അപകടത്തിന് കാരണമായതെന്ന വാദവും പ്രതിഭാഗം ഉയര്‍ത്തിയിരുന്നു. എന്നാല്‍ ടയര്‍ പരിശോധനയ്ക്കായി ലബോറട്ടറിയിലേയ്ക്ക് അയച്ചില്ല. പ്രധാന സാക്ഷികളില്‍ ഒരാളായി നടന് കമല്‍ ഖാനെ ലഭിയ്ക്കുമായിരുന്നിട്ടും അന്വേഷണസംഘം അതിന് ശ്രമിച്ചില്ലെന്നും സര്‍ക്കുലര്‍ കുറ്റപ്പെടുത്തുന്നു.
കേസില്‍ ബോംബെ ഹൈക്കോടതി സല്‍മാനെ കുറ്റവിമുക്തനാക്കിയിരുന്നു. അതേ സമയം ഹൈക്കോടതി വിധിയ്ക്കെതിരെ സുപ്രീം കോടതിയെ സമീപിയ്ക്കുമെന്നാണ് സംസ്ഥാന സര്‍ക്കാരിന്റെ നിലപാട്. സംസ്ഥാന സര്‍ക്കാരിന്റെ അപ്പീല്‍ തയ്യാറാക്കുന്നതുമായി ബന്ധപ്പെട്ട നടപടികളിലാണ് ബാന്ദ്ര പൊലീസ്. കേസ് അന്വേഷണം ദുര്‍ബലമായതാണ് സല്മാന് ഖാന് എളുപ്പത്തില്‍ മോചനം സാദ്ധ്യമാക്കിയതെന്നാണ് വിമര്‍ശനം.
Discussion about this post