ന്യൂഡൽഹി: വരുന്ന രാജ്യസഭാ തിരഞ്ഞെടുപ്പിനായുള്ള ബിജെപിയുടെ രണ്ടാം സ്ഥാനാർത്ഥി പട്ടിക പുറത്തുവിട്ടു. രണ്ട് സംസ്ഥാനങ്ങളിൽ നിന്നുള്ള സ്ഥാനാർത്ഥികളുടെ പേരുകളാണ് പ്രഖ്യാപിച്ചിരിക്കുന്നത്. കേന്ദ്ര മന്ത്രിമാരായ എൽ മുരുകൻ, മായ നരോള്യ, ബൻസിലാൽ ഗുർജാർ, ഉമേഷ് നാഥ് മഹാറായ് എന്നിവർ മദ്ധ്യപ്രദേശിൽ കളത്തിലിറങ്ങും. കേന്ദ്രമന്ത്രി അശ്വിനി വൈഷ്ണവ് ഒഡീഷയിൽ മത്സരിക്കും.
കഴിഞ്ഞ ദിവസം ബിജെപിയുടെ ആദ്യ സ്ഥാനാർത്ഥി പട്ടിക പുറത്തുവിട്ടിരുന്നു. ബീഹാറിൽ നിന്നും ധർമ്ശീല ഗുപ്ത, ഭീം സിംഗ് എന്നിവരും ചത്തീസ്ഖഢിൽ നിന്നും രാജ ദേവേന്ദ്ര പ്രതാപും ബിജെപിയിൽ നിന്നും രാജ്യസഭയിലെത്തും. ഹരിയാനയിൽ നിന്ന് സുഭാഷ് ബറാല, കർണാടകയിൽ നിന്ന് നാരായണ കൃഷ്ണസ ഭണ്ഡേക എന്നിവർ സ്ഥാനാർത്ഥികളാകും. ഉത്തരാഖണ്ഡിൽ നിന്നും മഹേന്ദ്ര ഭട്ടും വെസ്റ്റ് ബംഗാളിൽ സാമിക് ഭട്ടാചാര്യയും തട്ടകത്തിൽ ഇറങ്ങും. ഉത്തർപ്രദേശിൽ നിന്നും ആർപിഎൻ സിംഗ്, സുധാൻഷു ത്രിവേദി, ചൗദരി തേജ്‌വീർ സിംഗ്, സാധ്‌ന സിംഗ്, അമർപാൽ മൗര്യ, സംഗീത ബൽവന്ത്, നവീൻ ജെയ്ൻ എന്നിവരുടെ പേരുകളാണ് രാജ്യസഭാ തിരഞ്ഞെടുപ്പിനായി പ്രഖ്യാപിച്ചിരിക്കുന്നത്.
ഫെബ്രുവരി 27നാണ് തിരഞ്ഞെടുപ്പ് നടക്കുക. 27ന് രാവിലെ 9 മുതൽ വൈകീട്ട് 4 വരെ വോട്ടെടുപ്പ് നടക്കും. വൈകീട്ട് 5ന് വോട്ടെണ്ണൽ നടക്കും. 15 സംസ്ഥാനങ്ങളിലെ ഒഴിവുവന്ന 56 രാജ്യസഭാ സീറ്റുകളിലേക്കുള്ള തിരഞ്ഞെടുപ്പാണ് നടക്കുക. നാമനിർദേശപത്രിക സമർപ്പിക്കാനുള്ള അവസാന തിയതി നാളെയാണ്.
Discussion about this post