തിരുവനന്തപുരം: സംസ്ഥാനത്ത് സപ്ലൈകോ സബ്‌സിഡി നിരക്കിൽ നൽകുന്ന 13 സാധനങ്ങൾക്ക് വിലകൂട്ടാൻ തീരുമാനിച്ച് മന്ത്രിസഭായോഗം. ഭക്ഷ്യവകുപ്പിന്റെ നിരന്തര അഭ്യർത്ഥനയെ തുടർന്നാണ് നീക്കം. സബ്‌സിഡി ഉൽപന്നങ്ങൾക്ക് വിപണിവിലയിലും 35% മാത്രമാകും ഇനി കുറവ്. ഇതുവരെ 70% വരെ വിലക്കുറവുണ്ടായിരുന്നു.
ഇനിമുതൽ വിപണിവില കൂടുന്നതും കുറയുന്നതും അനുസരിച്ച് സബ്‌സിഡി ഉൽപന്നങ്ങളുടെ വിലയിൽ മാറ്റം വരുത്താനും തീരുമാനിച്ചു. സബ്‌സിഡി സാധനങ്ങളുടെ വില കൂട്ടേണ്ടെന്ന ഒന്നാം പിണറായി സർക്കാരിന്റെ തീരുമാനമാണ് ഇതോടെ മാറുന്നത്. വിപണി വിലയ്ക്ക് അനുസൃതമായി നിശ്ചിത നിരക്കിൽ സബ്‌സിഡി നൽകുന്ന രീതിയാണ് സപ്ലൈകോ പിന്തുടർന്നിരുന്നത്.
ലോക്സഭാ തിരഞ്ഞെടുപ്പ് മുന്നിൽ കണ്ട് വിലകൂട്ടാതെ നീട്ടിവയ്ക്കാനായിരുന്നു സർക്കാർ ശ്രമം. വില കൂട്ടുന്നതിനു ഭക്ഷ്യവകുപ്പ് നൽകിയ ശുപാർശ മന്ത്രിസഭായോഗത്തിന്റെ അജൻഡയിൽ ഉൾപ്പെടുത്താതെ മാറ്റിവയ്ക്കുകയും ചെയ്തിരുന്നു. എന്നാൽ, വില കൂട്ടിയില്ലെങ്കിൽ സപ്ലൈകോയുടെ സാമ്പത്തികസ്ഥിതി പരിതാപകരമാകുമെന്നതും കൂടുതൽ ഫണ്ട് അനുവദിക്കാൻ സർക്കാരിനു കഴിവില്ലെന്നതും കണക്കിലെടുത്താണ് മന്ത്രിസഭായോഗത്തിന്റെ തീരുമാനം.
Discussion about this post