ന്യൂഡൽഹി: കേന്ദ്രവുമായി ചർച്ചയിൽ പങ്കെടുക്കുന്നത് വലിയ പ്രതീക്ഷയിലെന്ന് ധനമന്ത്രി കെഎൻ ബാലഗോപാൽ. ഗുണപരമായ തീരുമാനങ്ങൾ ഉണ്ടാകുമെന്നാണ് പ്രതീക്ഷിക്കുന്നത്. ചർച്ചയിൽ കേന്ദ്ര ധനമന്ത്രി നിർമലാ സീതാരാമൻ ഇല്ലാത്തത് പ്രശ്‌നമല്ല. ഉത്തരവാദിത്വപ്പെട്ടവരുമായാണ് ചർച്ച നടക്കുന്നതെന്നും ധനമന്ത്രി വ്യക്തമാക്കി.
ഫെഡറലിസത്തിന് പ്രാമുഖ്യം നൽകിക്കൊണ്ടുള്ളതാണ് കോടതിയുടെ ഇടപെടൽ. യൂണിയൻ ഗവൺമെന്റും സംസ്ഥാന ഗവൺമെന്റുകളും തമ്മിലുള്ളത്് വളരെ ഹൃദ്യമായ ബന്ധമാണ്. സൗഹാദപരമായി ചർച്ച ചെയ്ത് കേരളത്തിന് അനുകൂലമായ തീരുമാനം ഉണ്ടാകുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
ഇന്ന് വൈകീട്ട് നാലിനാണ് ചർച്ച നടക്കുക. കേന്ദ്രത്തിന്റെ നാലംഗ സമിതിയാണ് ചർച്ച നടത്തുക. മുഖ്യമന്ത്രിയുടെ ചീഫ് പ്രിൻസിപ്പൽ സെക്രട്ടറി കെഎം എബ്രഹാം, ധനകാര്യ പ്രിൻസിപ്പൽ സെക്രട്ടറി രബീന്ദ്ര കുമാർ അഗർവാൾ, അഡ്വ.ജനറൽ കെ.ഗോപാലകൃഷ്ണ കുറുപ്പ് എന്നിവരാണ് ധനമന്ത്രിക്കൊപ്പം ചർച്ചക്കെത്തിയത്. സുപ്രീം കോടതിയുടെ നിർദേശപ്രകാരമാണ് ചർച്ചക്കായി ധനമന്ത്രിയും സംഘവും ഇന്ന് ഡൽഹിയിലേക്കെത്തിയത്.
Discussion about this post