അബുദാബി: ചരിത്രത്തിൽ ഒരു സുവർണ അദ്ധ്യായം കൂടി യുഎഇയിൽ എഴുതി ചേർത്തു. പ്രധാനമന്ത്രി നരേന്ദ്ര മോദി. ഇന്നലെ യുഎഇയിലെ ബിഎപിഎസ് ഹിന്ദു ശിലാക്ഷേത്രത്തിന്റെ ഉദ്ഘാടനം അദ്ദേഹം നിർവഹിച്ചിരുന്നു. ഇതിലൂടെ ഇന്ത്യക്കാർക്ക് ഒരു സുപ്രധാന നാഴികക്കല്ലാണ് അദ്ദേഹം അടയാളപ്പെടുത്തിയിരിക്കുന്നത്. തന്റെ ജീവിതത്തിലെ ഓരോ നിമിഷവും ഭാരതത്തിന് സമർപ്പിക്കുന്നുവെന്ന് ഉദ്ഘാടനത്തിനുശേഷം അദ്ദേഹം പറഞ്ഞു. അയോദ്ധ്യയിൽ രാംലല്ലയെ പ്രതിഷ്ഠിച്ചപ്പോൾ അനുഭവിച്ച അതേ സന്തോഷം ബിഎപിഎസ് ഹിന്ദു ശിലാക്ഷേത്രം രാജ്യത്തിന് സമ്മർപ്പിച്ചപ്പോൾ തനിക്ക് ഒന്നുകൂടെ അനുഭവിക്കാൻ കഴിയുന്നു എന്ന് അദ്ദേഹം കൂട്ടിച്ചേർത്തു.
അഞ്ച് നൂറ്റാണ്ടുകളുടെ സ്വപ്‌നമാണ് അയോദ്ധ്യയിൽ സാക്ഷാത്കരിച്ചത്. ഇന്ത്യയിലെ എല്ലാ ഭക്തരും ആ വികാരം ഇപ്പോഴും നെഞ്ചിലേറ്റുന്നു എന്നു ജനുവരി 22 ന് അയോദ്ധ്യയിലെ രാമക്ഷേത്രത്തിന്റെ പ്രതിഷ്ഠാ ചടങ്ങിനെ പരാമർശിച്ച് പ്രധാനമന്ത്രി പറഞ്ഞു.
‘നന്ദി പറഞ്ഞാലും മതിയാവില്ല’
‘ അബുദാബിയിൽ ഒരു വലിയ ക്ഷേത്രം നിർമ്മിക്കുക എന്നത് സ്വപ്‌നമായിരുന്നു. ഇന്നലെയോടെ അത് സാക്ഷാത്കരിച്ചു. യുഎഇ പ്രസിഡന്റ് ഷെയ്ഖ് മുഹമ്മദ് ബിൻ സായിദ് അൽ നഹ്യാൻ 140 കോടി ഇന്ത്യക്കാരുടെ ഹൃദയമാണ് കീഴടക്കിയിരിക്കുന്നത്. ഈ ക്ഷേത്രത്തിന്റെ തുടക്കം മുതൽ ഉദ്ഘാടനം വരെ ഞാൻ അതിന്റെ ഭാഗമായിരുന്നു എന്നത് എന്റെ ഭാഗ്യമാണ്. ‘നന്ദി’ എന്നത് പോലും വളരെ ചെറിയ വാക്യമാണെന്ന് എനിക്കറിയാം. ഇന്ത്യ-യുഎഇ ബന്ധത്തിന്റെ ആഴം ലോകം കാണണമെന്ന് ഞാൻ ആഗ്രഹിക്കുന്നു എന്നും ‘ പ്രധാനമന്ത്രി പറഞ്ഞു .
പരമ്പരാഗത നാഗര രീതിയിലാണ് ക്ഷേത്രം നിർമ്മിച്ചിട്ടുള്ളത്. അബുദാബി -ദുബായി ഹൈവേയിലെ അബു മുറൈഖയിലാണ് അബുദാബി സർക്കാർ നൽകിയ 27 ഏക്കർ സ്ഥലത്താണ് ക്ഷേത്രം സ്ഥിതി ചെയ്യുന്നത്. 2019 ഏപ്രിൽ മാസത്തിലാണ് ക്ഷേത്രത്തിൻറെ തറക്കല്ല് ഇട്ടത്. 55,000 ചതുരശ്ര മീറ്റർ സ്ഥലത്ത് ആണ് ക്ഷേത്രം സ്ഥിതി ചെയ്യുന്നത്. സ്വാമിനാരായണൻ, അക്ഷര-പുരുഷോത്തം, രാധാ-കൃഷ്ണൻ, രാമ-സീത, ലക്ഷ്മണൻ, ഹനുമാൻ, ശിവ-പാർവതി, ഗണേശൻ, കാർത്തികേയ, പത്മാവതി-വെങ്കടേശ്വര, ജഗന്നാഥൻ, അയ്യപ്പൻ എന്നിവരുടെ മൂർത്തികളാണ് ഈ മന്ദിരത്തിലുള്ളത്
Discussion about this post