ന്യൂയോർക്ക്: അധികവായ്പ ലഭിക്കാൻ വ്യാജരേഖകൾ ചമച്ച് തട്ടിപ്പ് നടത്തിയ കേസിൽ യു.എസ്. മുൻ പ്രസിഡൻറ് ഡോണൾഡ് ട്രംപിന് വൻ തുക പിഴ ശിക്ഷയും വിലക്കും. 355 മില്യൺ ഡോളർ (2,900 കോടിരൂപയിലധികം) പിഴയാണ് ന്യൂയോർക്ക് കോടതി ചുമത്തിയത്. ന്യൂയോർക്കിൽ ഒരു കമ്പനിയുടെയും ഓഫീസറായോ ഡയറക്ടറായോ ചുമതല വഹിക്കുന്നതിൽ നിന്ന് മൂന്ന് വർഷത്തേക്ക് ട്രംപിനെ കോടതി വിലക്കുകയും ചെയ്തു. ഇതോടൊപ്പം ബാങ്കുകളിൽ നിന്ന് അടക്കം വായ്പകൾ അപേക്ഷിക്കുന്നതിലും വിലക്കുണ്ട്.
ബിസിനസ് മൂല്യം പെരുപ്പിച്ചു കാട്ടി ബാങ്കുകളെ കബളിപ്പിച്ച കേസിലാണു ശിക്ഷ. മൂന്നുമാസം നീണ്ട വിചാരണക്ക് ശേഷമാണ് ജഡ്ജി ആർതർ എങ്കറോൺ വിധി പുറപ്പെടുവിച്ചത്.
ട്രംപിന്റെ മക്കളായ ഡോണൾഡ് ട്രംപ് ജൂനിയർ, എറിക് ട്രംപ് എന്നിവർ നാലു മില്യൺ ഡോളർ വീതം പിഴ അടയ്ക്കണം. രണ്ടുവർഷത്തേക്ക് ഇരുവർക്കും കമ്പനി ഡയറക്ടറായി പ്രവർത്തിക്കാൻ കഴിയില്ല. വിധിക്കെതിരെ അപ്പീൽ നൽകുമെന്ന് ട്രംപ് അറിയിച്ചു. രാഷ്ട്രീയ വേട്ടയെന്നാണു വിധിയെ ട്രംപ് വിശേഷിപ്പിച്ചത്.












