ഭോപ്പാൽ: കോൺഗ്രസ് മുതിർന്ന നേതാവും മുൻ മദ്ധ്യപ്രദേശ് മുഖ്യമന്ത്രിയുമായ കമൽനാഥ് ബിജെപിയിൽ ചേരുമെന്ന് സൂചന. ബിജെപി വക്താവും കമൽനാഥിന്റെ മുൻ മാദ്ധ്യമ ഉപദേഷ്ടാവുമായ നരേന്ദ്ര സലുജ സോഷ്യൽ മീഡിയയിൽ പങ്കുവച്ച ചിത്രമാണ് ഇതുമായി ബന്ധപ്പെട്ട സൂചനകൾ നൽകുന്നത്. കമൽനാഥിന്റെ മകൻ നകുലും പിതാവിനൊപ്പം ബിജെപിയിൽ ചേരുമെന്നാണ് വിവരം.
കമൽനാഥിനും മകനുമൊപ്പമുള്ള ചിത്രം ജയ് ശ്രീറാം എന്ന അടിക്കുറിപ്പോടെ നരേന്ദ്ര സലുജ എക്‌സിൽ പങ്കുവച്ചിരുന്നു. ഇതോടെയാണ് കമൽനാഥ് ബിജെപിയിൽ ചേർന്നേക്കുമെന്ന വാർത്തകൾ പുറത്തുവന്നത്. പാർട്ടി പ്രവേശനം സംബന്ധിച്ച് ബിജെപി നേതാക്കളുമായി നടത്തിയ ചർച്ചയ്ക്ക് ശേഷമുള്ള ചിത്രമാണ് പുറത്തുവന്നിരിക്കുന്നത് എന്നാണ് വിവരം. ഇതിന് പുറമേ എംപികൂടിയായ നകുൽ നാഥ് എക്‌സ് അക്കൗണ്ടിൽ നിന്നും കോൺഗ്രസ് എന്നത് നീക്കം ചെയ്തിട്ടുണ്ട്. ഇത് ഇരുവരും ബിജെപിയിലേക്കാണെന്ന സൂചനകൾ ഉറപ്പിക്കുന്നു. അതേസമയം പാർട്ടി പ്രവേശനം സംബന്ധിച്ച് ഇരുവരും ഔദ്യോഗികമായി പ്രതികരിച്ചിട്ടില്ല.
നിയമസഭാ തിരഞ്ഞെടുപ്പിൽ സംസ്ഥാനത്ത് കോൺഗ്രസ് കനത്ത പരാജയം ആണ് ഏറ്റുവാങ്ങിയത്. ഇതിന് പിന്നാലെ സംസ്ഥാനത്തെ കോൺഗ്രസിൽ ചില അസ്വാരസ്യങ്ങൾ നിലനിന്നിരുന്നുവെന്നാണ് സൂചന. ഇത് കനത്തതോടെ കമൽനാഥും അനുയായികളും പാർട്ടി വിടാൻ ആലോചിക്കുന്നുണ്ടെന്നാണ് സ്ഥിരീകരിക്കാത്ത റിപ്പോർട്ടുകൾ. ലോക്‌സഭാ തിരഞ്ഞെടുപ്പ് മുന്നിൽ കണ്ടുകൊണ്ടാണ് കമൽനാഥ് പാർട്ടി വിടാൻ തീരുമാനിച്ചത് എന്നും വിവരമുണ്ട്.
കഴിഞ്ഞ ദിവസം മഹാരാഷ്ട്രയിൽ മുൻ മുഖ്യമന്ത്രിയും കോൺഗ്രസ് നേതാവുമായ അശോക് ചവാൻ ബിജെപിയിൽ ചേർന്നിരുന്നു. ഇതിന് പിന്നാലെയാണ് കോൺഗ്രസിന്റെ മുതിർന്ന നേതാക്കളിൽ ഒരാളായ കമൽനാഥ് ബിജെപിയിൽ ചേരുമെന്ന വാർത്തകൾ പുറത്തുവരുന്നത്.
Discussion about this post