ന്യൂഡൽഹി: അയോദ്ധ്യയിലെ പ്രാണപ്രതിഷ്ഠാ ചടങ്ങ് പുതുയുഗത്തിന് തുടക്കമിട്ടെന്ന് ബിജെപി ദേശീയ അദ്ധ്യക്ഷൻ ജെപി നദ്ദ. രാംലല്ലയുടെ പ്രാണപ്രതിഷ്ഠ ദേശീയ ഉത്സവമായാണ് ആഘോഷിച്ചത്. ആഗോളതലത്തിൽ തന്നെ രാമക്ഷേത്രത്തിന്റെ ഉദ്ഘാടനം തരംഗമായെന്നും അദ്ദേഹം പറഞ്ഞു. ബിജെപി ദേശീയ കൺവെൻഷന്റെ സമാപന സമ്മേളനത്തിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം.
‘അയോദ്ധ്യയിലെ രാംലല്ലയുടെ പ്രാണപ്രതിഷ്ഠ രാജ്യം ദേശീയ ഉത്സവമായാണ് ആഘോഷിച്ചത്. ക്ഷേത്ര ഉദ്ഘാനം ആഗോള തലത്തിൽ തന്നെ തരംഗമായി മാറി. പ്രാണപ്രതിഷ്ഠ രാജ്യത്ത് ഒരു പുതുയുഗ പിറവിയുടെ സൂചന നൽകി. അയോദ്ധ്യയിൽ രാമക്ഷേത്രം സാക്ഷാത്കരിക്കുക എന്നത് ഞങ്ങളുടെ പ്രധാനപ്പെട്ട പ്രമേയങ്ങളിൽ ഒന്നായിരുന്നു. ഇപ്പോൾ അത് പൂർത്തിയായി.
2019 നവംബർ 9ന് രാമജന്മഭൂമി കേസിലെ സുപ്രധാനമായ സുപ്രീം കോടതി വിധിക്ക് ശേഷം പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ നേതൃത്വത്തിൽ കേന്ദ്ര സർക്കാർ അയോദ്ധ്യയിലെ മഹത്തായ ക്ഷേത്രത്തിന്റെ നിർമ്മാണത്തിന് മേൽനോട്ടം വഹിക്കാൻ ശ്രീരാമജന്മഭൂമി തീർത്ഥക്ഷേത്ര ട്രസ്റ്റ് രൂപീകരിച്ചു. വിധി വന്ന് വെറും നാല് വർഷത്തിന് ശേഷം, ജനുവരി 22ന് രാംല്ല വീണ്ടും ഭക്തർക്ക് മുന്നിൽ മിഴികൾ തുറന്നു’- ജെപി നദ്ദ പറഞ്ഞു.
കോൺഗ്രസിനെതിരെയും അദ്ദേഹം രൂക്ഷവിമർശനമുന്നയിച്ചു. 1989ൽ നടന്ന ദേശീയ കൺവെൻഷനിൽ അയോദ്ധ്യയിൽ ക്ഷേത്രം നിർമ്മിക്കുന്നതിനെ കുറിച്ചുള്ള പ്രമേയം പാസാക്കിയിരുന്നു. എന്നാൽ, അന്ന് കോൺഗ്രസ് അതിനെ പരിഹസിച്ചു. ഇപ്പോൾ പ്രാണപ്രതിഷ്ഠ നടന്നപ്പോൾ കോൺഗ്രസ് അതിനെ ബഹിഷ്‌കരിച്ചു. ഇതാണ് എപ്പോഴും അവരുടെ പ്രവർത്തനരീതിയെന്നും അദ്ദേഹം കുറ്റപ്പെടുത്തി.
Discussion about this post