പൊതു തെരഞ്ഞെടുപ്പിന് രണ്ട് മാസം മാത്രം ബാക്കി നിൽക്കെ ‘അബ് കി ബാർ ചാർ സൗ പാർ’ എന്ന ലക്ഷ്യം യാഥാർഥ്യമാക്കാനുള്ള ഊർജ്ജിത ശ്രമങ്ങളുമായി മുന്നോട്ടു പോകുകയാണ് ബിജെപി. ബിജെപിക്ക് ഒറ്റയ്ക്ക് 370 സീറ്റും എൻഡിഎയ്ക്ക് 400ലധികം സീറ്റുമാണ് പ്രധാനമന്ത്രി നരേന്ദ്ര മോദി ലക്ഷ്യമിടുന്നത്. ഇക്കാര്യം കഴിഞ്ഞ ദിവസം പാർലമെന്റിൽ നടത്തിയ പ്രസംഗത്തിൽ പ്രധാനമന്ത്രി എടുത്തു പറഞ്ഞിരുന്നു. ടൈംസ് നൗവും ഇന്ത്യാ ടുഡേയും ഉൾപ്പെടെയുള്ള ദേശീയ മാധ്യമങ്ങൾ ഏറ്റവും ഒടുവിൽ പുറത്തുവിട്ട അഭിപ്രായ സർവ്വേകളിൽ ഇത്തവണയും ബിജെപിക്ക് ഒറ്റയ്ക്ക് 300ലധികം സീറ്റുകൾ പ്രവചിക്കുന്നുണ്ട്. വരുന്ന ലോക്സഭാ തെരഞ്ഞെടുപ്പിൽ ബിജെപിയുടെയും എൻഡിഎയുടെയും വിജയം സുനിശ്ചിതമാണെന്ന് എതിരാളികൾ പോലും അടക്കം പറയുന്ന അവസ്ഥയാണ് നിലവിൽ.
പത്ത് വർഷങ്ങൾക്കിപ്പുറവും ഭരണവിരുദ്ധ വികാരം ബിജെപിയെ അൽപ്പം പോലും അലട്ടുന്നില്ല എന്നതാണ് ഏറ്റവും ശ്രദ്ധേയമായ വസ്തുത. രാജ്യവ്യാപകമായി പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ ജനപ്രീതി ഉയർന്ന നിലയിൽ തന്നെ തുടരുകയാണ്. ഇത്തരത്തിൽ എല്ലാ ഘടകങ്ങളും അനുകൂലമാണെങ്കിലും അമിത ആത്മവിശ്വാസം ആപത്താണെന്ന വ്യക്തമായ തിരിച്ചറിവുമായാണ് ബിജെപി ക്യാമ്പ് മുന്നോട്ടു നീങ്ങുന്നത്. 2004ലിലെ അപ്രതീക്ഷിത തിരിച്ചടി പാഠമായി ഉൾക്കൊണ്ടാണ് ബിജെപിയുടെ ഓരോ കരുനീക്കങ്ങളും.
കൂടുതൽ പാർട്ടികളെ കോർത്തിണക്കി എൻഡിഎ ശക്തിപ്പെടുത്താനാണ് ബിജെപിയുടെ ഇപ്പോഴത്തെ ശ്രമം. ഒപ്പം, പ്രതിപക്ഷ ഇൻഡി മുന്നണിയെ ദുർബലപ്പെടുത്തുക എന്ന ലക്ഷ്യവും ഇതിന് പിന്നിൽ ഉണ്ട്. നിതീഷ് കുമാറിന്റെ ജെഡിയുവിനെ ഇൻഡി സഖ്യത്തിൽ നിന്ന് അടർത്തി മാറ്റിയതിന് പിന്നാലെ ഉത്തർ പ്രദേശിലെ പ്രബല കക്ഷിയായ രാഷ്ട്രീയ ലോക്ദളിനെയും പുറത്ത് ചാടിച്ചിരിക്കുകയാണ് ബിജെപി. യുപിയിൽ സമാജ് വാദി പാർട്ടിക്കും കോൺഗ്രസിനും കനത്ത തിരിച്ചടി നൽകുന്നതാണ് ആർഎൽഡിയുടെ എൻഡിഎ പ്രവേശനം. പശ്ചിമ യുപിയിൽ നിർണായക സ്വാധീനമുള്ള പാർട്ടിയാണ് ജയന്ത് ചൗധരിയുടെ നേതൃത്വത്തിലുള്ള ആർഎൽഡി. ജാട്ട് വിഭാഗക്കാരുടെയും കർഷകരുടെയും പിന്തുണയാണ് ജയന്ത് ചൗധരിയുടെ പാർട്ടിയുടെ ശക്തി.
സംസ്ഥാനത്തെ 80 ലോക്സഭാ സീറ്റുകളിൽ 29 എണ്ണവും പശ്ചിമ ഉത്തർപ്രദേശിലാണ്. കർഷക സമരത്തിന്റെ പശ്ചാത്തലത്തിൽ ജാട്ട് വിഭാഗക്കാർക്കിടയിൽ ഉടലെടുത്ത അതൃപ്തി ആർഎൽഡി എത്തുന്നതോടെ പൂർണമായും മറികടക്കാൻ സാധിക്കുമെന്നാണ് ബിജെപിയുടെ വിലയിരുത്തൽ. നിർണായക നീക്കം വഴി യുപിയിലെ 75ലധികം സീറ്റുകളിൽ വിജയിച്ച് സംസ്ഥാനം തൂത്തുവാരാനാണ് ബിജെപി പദ്ധതിയിടുന്നത്. സമാജ് വാദി പാർട്ടി ആർഎൽഡിക്ക് 7 ലോക്സഭാ സീറ്റായിരുന്നു വാഗ്ദാനം ചെയ്തത്. എന്നാൽ, ജയന്ത് ചൗധരിയുടെ പാർട്ടിക്ക് എൻഡിഎ രണ്ട് ലോക്സഭാ സീറ്റും ഒരു രാജ്യസഭാ സീറ്റും നൽകുമെന്നാണ് റിപ്പോർട്ട്. ഇൻഡി സഖ്യത്തിനൊപ്പം 7 സീറ്റിൽ മത്സരിച്ചാലും വിജയസാധ്യത തീരെ കുറവാണെന്ന തിരിച്ചറിവാണ് ആർഎൽഡിയെ മാറി ചിന്തിക്കാൻ പ്രേരിപ്പിച്ച പ്രധാന ഘടകം. പശ്ചിമ യുപിയിലെ ബാഗ്പത്, ബിജ്നോർ എന്നീ മണ്ഡലങ്ങൾ രാഷ്ട്രീയ ലോക്ദളിന് വിട്ടുനൽകാൻ ബിജെപി തയ്യാറാണ്. ബിജെപിക്കൊപ്പം മത്സരിച്ചാൽ ഈ രണ്ട് മണ്ഡലങ്ങളിലും ഉറപ്പായും വിജയിക്കാനാകുമെന്നാണ് ആർഎൽഡിയുടെ വിലയിരുത്തൽ.
യോഗി ആദിത്യനാഥ് സർക്കാരിൽ രണ്ട് മന്ത്രിസ്ഥാനവും ആർഎൽഡിക്ക് നൽകുമെന്നാണ് സൂചന. സഖ്യം സംബന്ധിച്ച ഔദ്യോഗിക പ്രഖ്യാപനം ഉടൻ തന്നെ ഉണ്ടാകും. ജയന്ത് ചൗധരിയുടെ മുത്തച്ഛനും മുൻ പ്രധാനമന്ത്രിയുമായ ചൗധരി ചരൺ സിംഗിന് ഭാരത രത്നം നൽകാനുള്ള കേന്ദ്ര സർക്കാരിന്റെ തീരുമാനവും പുതിയ നീക്കത്തിന് ശക്തി പകർന്നു. രാജ്യത്തെ തലയെടുപ്പുള്ള കർഷക നേതാവായിരുന്ന ചരൺ സിംഗിന് പരമോന്നത സിവിലിയൻ പുരസ്‌കാരം നൽകാനുള്ള തീരുമാനം എക്സിലൂടെയാണ് പ്രധാനമന്ത്രി നരേന്ദ്ര മോദി അറിയിച്ചത്. പ്രധാനമന്ത്രിയുടെ ട്വീറ്റ് ഷെയർ ചെയ്ത ജയന്ത് ചൗധരി, ചരൺ സിംഗിന് ഭാരത രത്നം നൽകിയതിൽ നന്ദി രേഖപ്പെടുത്തുകയും ചെയ്തു. ആർഎൽഡിയുമായുള്ള സഖ്യവും ചൗധരി ചരൺ സിംഗിന്റെ ഭാരത രത്നവും പശ്ചിമ ഉത്തർപ്രദേശിൽ മാത്രമല്ല, ജാട്ടുകൾക്ക് വലിയ സ്വാധീനമുള്ള ഹരിയാണ, പഞ്ചാബ്, രാജസ്ഥാൻ എന്നീ സംസ്ഥാനങ്ങളിലും ബിജെപിക്കും എൻഡിഎയ്ക്കും ഗുണം ചെയ്യും. ലോക്സഭാ തെരഞ്ഞെടുപ്പ് മുന്നിൽ കണ്ട് കർഷക സമരം വീണ്ടും കുത്തിപ്പൊക്കാൻ ശ്രമിക്കുന്നവർക്ക് ശക്തമായ സന്ദേശം നൽക്കാനും ഇതുവഴി ബിജെപിക്ക് സാധിക്കും. കർഷക നേതാവായ ചരൺ സിംഗിനൊപ്പം രാജ്യത്തെ ഹരിത വിപ്ലവത്തിന്റെ പിതാവ് എന്ന് വിശേഷിക്കപ്പെടുന്ന എം എസ് സ്വാമി നാഥനും ഭാരത രത്നം പ്രഖ്യാപിച്ചത് ഇതിനൊപ്പം ചേർത്ത് വായിക്കണം.
സ്വന്തം ശക്തിക്കൊപ്പം പ്രാദേശിക കക്ഷികളെ കൂടി ഒപ്പം നിർത്തി 400 സീറ്റ് എന്ന ലക്ഷ്യം എത്തിപ്പിടിക്കാനാണ് ബിജെപി ശ്രമിക്കുന്നത്. പഞ്ചാബിലെ മുൻ ഭരണകക്ഷിയും ബിജെപിയുടെ സഖ്യകക്ഷിയുമായിരുന്ന അകാലി ദൾ എൻഡിഎയിൽ തിരിച്ചെത്തുമെന്നാണ് വാർത്തകൾ. ഇൻഡി സഖ്യത്തിലെ പാർട്ടികളായ എഎപിയും കോൺഗ്രസും പഞ്ചാബിൽ വേറിട്ട് മത്സരിക്കുന്ന സാഹചര്യത്തിൽ അകാലി ദളും ബിജെപിയും വീണ്ടും ഒരുമിക്കുന്നത് എൻഡിഎയ്ക്ക് നേട്ടമാകുമെന്നാണ് പ്രതീക്ഷിക്കുന്നത്.
ആന്ധ്രയിലെ ഭരണകക്ഷിയായ വൈഎസ്ആർ കോൺഗ്രസും പ്രതിപക്ഷമായ ടിഡിപിയും എൻഡിഎയിൽ ചേരാൻ ഒരുപോലെ ആഗ്രഹിക്കുന്നുണ്ട്. ടിഡിപി നേതാവ് ചന്ദ്രബാബു നായ്ഡു ഡൽഹിയിൽ എത്തി അമിത് ഷായുമായി കൂടിക്കാഴ്ച നടത്തിയിരുന്നു. ആന്ധ്രയിൽ ടിഡിപിയുടെ സഖ്യകക്ഷിയായ പവൻ കല്യാണിന്റെ ജനസേന നേരത്തെ തന്നെ ബിജെപിയുമായി ചങ്ങാത്തത്തിലാണ്. വൈഎസ്ആർ കോൺഗ്രസ് തലവനും ആന്ധ്രാ മുഖ്യമന്ത്രിയുമായ ജഗൻ മോഹൻ റെഡി ഡൽഹിയിൽ എത്തി പ്രധാനമന്ത്രി നരേന്ദ്ര മോദിയുമായി കൂടിക്കാഴ്ച നടത്തിയിട്ടുണ്ട്. ടിഡിപി-ജനസേന സഖ്യം എൻഡിഎയിൽ എത്തുമോ അതോ ജഗന്റെ വൈഎസ്ആർസിപി വരുമോ എന്നാണ് ഇനി അറിയാനുള്ളത്.
25 ലോക്സഭാ സീറ്റുള്ള ആന്ധ്രയിൽ സഖ്യമായി മത്സരിച്ചാൽ മൂന്നോ നാലോ സീറ്റുകൾ വരെ വിജയിക്കാൻ ബിജെപിക്ക് സാധിക്കും. തിരുപ്പതി, വിശാഖപ്പട്ടണം തുടങ്ങിയ മണ്ഡലങ്ങളിൽ ബിജെപിക്ക് കണ്ണുണ്ട്. ദക്ഷിണേന്ത്യയിൽ നിന്ന് കഴിയുന്നത്ര സീറ്റുകൾ നേടുക എന്ന ബിജെപിയുടെ പദ്ധതിക്ക് കരുത്ത് പകരുന്നതാണ് ആന്ധ്രയിലെ സംഭവ വികാസങ്ങൾ. തമിഴ്നാട്ടിൽ ബിജെപിയുടെ നേതൃത്വത്തിലുള്ള എൻഡിഎയിലേക്ക് വരും ദിവസങ്ങളിൽ പിഎംകെയും ഡിഎംഡികെയും ഉൾപ്പെടെയുള്ള കക്ഷികൾ വരാൻ സാധ്യതയുണ്ട്. ഇത് സംബന്ധിച്ച ചർച്ചകൾ അണിയറയിൽ നടക്കുന്നതായാണ് സൂചനകൾ. 2014ന് സമാനമായി തമിഴ്നാട്ടിൽ ഡിഎംകെയ്ക്കും എഐഎഡിഎംകെയ്ക്കും ബദലായി ശക്തമായ ഒരു മൂന്നാം ചേരി രൂപപ്പെടുത്താനാണ് ബിജെപിയുടെ ശ്രമം.
മഹാരാഷ്ട്രയിൽ എൻഡിഎയിലേക്ക് രാജ് താക്കറെയുടെ എംഎൻഎസിനെ കൂടി കൊണ്ടുവരാൻ ബിജെപി നീക്കങ്ങൾ നടത്തുന്നുണ്ട്. താനെ, മുംബൈ, നാസിക്ക് മേഖലകളിൽ മോശമല്ലാത്ത സ്വാധീനമുള്ള മഹാരാഷ്ട്ര നവനിർമാൺ സേന എൻഡിഎയിൽ വന്നാൽ ഉദ്ധവിന്റെ ശിവസേനയ്ക്കും മഹാസഖ്യത്തിനും കൂടുതൽ പ്രഹരം ഏൽപ്പിക്കാൻ കഴിയും. രാജ് താക്കറെയുമായി ചർച്ചകൾ പുരോഗമിക്കുകയാണ്. എൻഡിഎയ്ക്ക് 400 സീറ്റ് എന്ന വലിയ ലക്ഷ്യം മുൻനിർത്തി ഒഡീഷയിൽ ബിജെഡിയുമായും തെലങ്കാനയിൽ ബിആർഎസുമായും ബിജെപി സഖ്യത്തിൽ ഏർപ്പെടാനുള്ള സാധ്യതകളും രാഷ്ട്രീയ നിരീക്ഷകർ തള്ളിക്കളയുന്നില്ല. പ്രധാനമന്ത്രി നരേന്ദ്ര മോദിക്കും ബിജെപിക്കും അനുകൂലമായി ശക്തമായ തരംഗം നിലനിൽക്കുന്ന സാഹചര്യത്തിൽ വരും ദിവസങ്ങളിൽ കൂടുതൽ കക്ഷികൾ എൻഡിയിൽ എത്തുമെന്നാണ് പ്രതീക്ഷിക്കുന്നത്.
ഇൻഡി സഖ്യത്തിലെ അസ്വാരസ്യങ്ങൾ പലയിടങ്ങളിലും പൊട്ടിത്തെറിയുടെ വക്കിൽ എത്തിയിരിക്കുകയാണ്. ബംഗാളിൽ കോൺഗ്രസിനെ വെല്ലുവിളിച്ച് ഒറ്റയ്ക്ക് മത്സരിക്കുമെന്ന് പ്രഖ്യാപിച്ച മമത ബാനർജിയെ അനുനയിപ്പിക്കാൻ സഖ്യ നേതൃത്വത്തിന് ഇതുവരെ കഴിഞ്ഞിട്ടില്ല. കോൺഗ്രസ് വിട്ടുവീഴ്ചയ്ക്ക് തയ്യാറായില്ലെങ്കിൽ യുപിയിൽ കടുത്ത നടപടിയുമായി എസ്പിയും മുന്നോട്ടു പോകാനാണ് സാധ്യത.
Discussion about this post