തിരുവനന്തപുരം: ബിജെപി നേതാവും കോട്ടയം ജില്ലാ പഞ്ചായത്തംഗവുമായ ഷോൺ ജോർജിനെതിരെ കേസ് എടുത്ത് പോലീസ്. മുഖ്യമന്ത്രിയുടെ മകൾ വീണാ വിജയൻ നൽകിയ പരാതിയിലാണ് പോലീസ് നടപടി. വീണയ്ക്ക് കനേഡിയൻ കമ്പനിയുണ്ടെന്ന് അടുത്തിടെ ഷോൺ ജോർജ് വെളിപ്പെടുത്തിയിരുന്നു. ഇത് അടിസ്ഥാനരഹിതമാണെന്നും നടപടി സ്വീകരിക്കണമെന്നും ചൂണ്ടിക്കാട്ടിയാണ് പരാതി.
തിരുവനന്തപുരം സൈബർ ക്രൈം പോലീസാണ് കേസ് എടുത്തത്. കനേഡിയൻ കമ്പനിയുണ്ടെന്ന് ആരോപിച്ച് സമൂഹ മാദ്ധ്യമങ്ങളിലൂടെ അപകീർത്തിപ്പെടുത്താൻ ഷോൺ ജോർജ് ശ്രമിക്കുന്നുവെന്നാണ് വീണയുടെ പരാതി. പിതാവ് മുഖ്യമന്ത്രിയും ഭർത്താവ് പൊതുമരാമത്ത് മന്ത്രിയുമാണ്. ഇരുവരും സിപിഎം നേതാക്കളായതിനാൽ തന്നെ പിന്തുടർന്ന് ആക്രമിക്കുകയാണെന്നും പരാതിയിൽ വീണ വ്യക്തമാക്കുന്നു.
ഫേസ്ബുക്കിലൂടെയായിരുന്നു ഷോൺ ജോർജ് വീണയ്ക്ക് കനേഡിയൻ കമ്പനിയുണ്ടെന്ന് വെളിപ്പെടുത്തിയത്. ഇത് മാദ്ധ്യമങ്ങളിൽ ഉൾപ്പെടെ വലിയ വാർത്തയായിരുന്നു. ഇതിന് പിന്നാലെയാണ് വീണാ വിജയൻ പോലീസിൽ പരാതി നൽകിയത്. സ്റ്റേഷൻ ജാമ്യം ലഭിക്കാവുന്ന വകുപ്പുകൾ ചുമത്തിയാണ് കേസ്. ഷോൺ ജോർജിന്റെ വെളിപ്പെടുത്തൽ വാർത്തയാക്കിയ ഓൺലൈൻ മാദ്ധ്യമത്തിനെതിരെയും കേസ് എടുത്തിട്ടുണ്ട്.
Discussion about this post