ഭോപ്പാൽ: മദ്ധ്യപ്രദേശ് മുൻ മുഖ്യമന്ത്രിയും കോൺഗ്രസ് നേതാവുമായ കമൽനാഥ് അയോദ്ധ്യയിലെ രാമക്ഷേത്രത്തിൽ ദർശനം നടത്തും. ചൊവ്വാഴ്ച അദ്ദേഹം അയോദ്ധയിലെത്തുമെന്നാണ് റിപ്പോർട്ട്. കുടുംബത്തോടൊപ്പമാണ് ക്ഷേത്ര ദർശനം.
രാമക്ഷേത്രം തുറന്നതിന് പിന്നാലെ ഈ മാസം കമൽനാഥും, മകൻ നകുൽനാഥും ചേർന്ന് നാല് കോടി 30 ലക്ഷം രാമനാമ കത്തുകളുടെ പൂജ നടത്തിയിരുന്നു. ഇതിന് പിന്നാലെയാണ് ഇവർ ക്ഷേത്രത്തിൽ എത്തുന്നത്. നേതൃത്വവുമായുള്ള ധാരണയെ തുടർന്ന് പ്രാണപ്രതിഷ്ഠയിൽ നിന്നും കമൽനാഥ് വിട്ടു നിന്നിരുന്നു.
ലോക്‌സഭാ തിരഞ്ഞെടുപ്പ് അടുത്തിരിക്കെ കമൽനാഥും മകനും ബിജെപിയിൽ ചേർന്നേക്കുമെന്ന അഭ്യൂഹങ്ങളുണ്ട്. ഇതിനിടെയാണ് കമൽനാഥിന്റെ രാമക്ഷേത്ര ദർശനം. ഇതിന് പിന്നാലെ ബിജെപിയിൽ ചേരുന്നതുമായി ബന്ധപ്പെട്ട് ഔദ്യോഗിക പ്രഖ്യാപനം ഉണ്ടാകുമെന്നാണ് സൂചന.
രാജ്യസഭാ അംഗത്വം ലഭിക്കാത്തതിൽ കമൽനാഥിന് അതൃപ്തിയുണ്ടെന്നാണ് പുറത്തുവരുന്ന വിവരം. ഇതേ തുടർന്ന് നേതൃത്വവുമായി അസ്വാരസ്യത്തിലാണെന്നും സ്ഥിരീകരിക്കാത്ത റിപ്പോർട്ടുകളുണ്ട്. എന്നാൽ കമൽനാഥ് പാർട്ടിയിൽ തന്നെ തുടരുമെന്നാണ് കോൺഗ്രസ് നേതൃത്വം ആവർത്തിക്കുന്നത്. നിയമസഭാ തിരഞ്ഞെടുപ്പിൽ സംസ്ഥാനത്ത് കനത്ത തോൽവിയായിരുന്നു കോൺഗ്രസിന് ഏറ്റുവാങ്ങേണ്ടിവന്നിരുന്നത്. ഇതിന് പിന്നാലെ തന്നെ കോൺഗ്രസിൽ അതൃപ്തി പുകയുന്നുണ്ട്.
Discussion about this post