വയനാട് : പ്രതിഷേധങ്ങൾ നടത്തുന്നവർക്കെതിരെ എല്ലാം കേസെടുക്കുന്നത് നിതാന്ത ശത്രുതയ്ക്ക് കാരണമാകുമെന്ന് മാനന്തവാടി രൂപത ബിഷപ്പ് മാർ ജോസ് പൊരുന്നേടം. എല്ലാം നിയമം കൊണ്ട് നേരിടാൻ പറ്റില്ല. ജനത്തോട് സഹതാപം ഉണ്ടാകണം. യുവാക്കളുടെ പേരിൽ എടുക്കുന്ന കേസുകൾ അവരുടെ ഭാവിയും കുടുംബത്തിന്റെ ഭാവിയും നശിപ്പിക്കും. ഇത് നിതാന്തമായ ശത്രുതയിലേക്ക് ജനങ്ങളെ കൊണ്ട് ചെന്ന് എത്തിക്കുമെന്നും ബിഷപ്പ് വ്യക്തമാക്കി.
വയനാട്ടിൽ എത്തിയിരുന്ന ഗവർണർ ആരിഫ് മുഹമ്മദ് ഖാനെ സന്ദർശിച്ച ശേഷം മാദ്ധ്യമപ്രവർത്തകരോട് സംസാരിക്കുമ്പോൾ ആയിരുന്നു മാനന്തവാടി രൂപതാ ബിഷപ്പ് നിലപാട് വ്യക്തമാക്കിയത്. വയനാട്ടിലെ പ്രശ്നങ്ങൾ ബന്ധപ്പെട്ട അധികാരികളുടെ ശ്രദ്ധയിൽ കൊണ്ടുവരാമെന്ന് ഗവർണർ അറിയിച്ചിട്ടുള്ളതായി അദ്ദേഹം വ്യക്തമാക്കി. വന്യജീവി ആക്രമണങ്ങളുമായി ബന്ധപ്പെട്ട കാര്യങ്ങൾ ഗവർണറെ കൃത്യമായി ബോധിപ്പിക്കാൻ കഴിഞ്ഞെന്നും ബിഷപ്പ് മാർ ജോസ് പൊരുന്നേടം അറിയിച്ചു.
പ്രതിഷേധ പ്രകടനങ്ങൾക്കിടയിൽ അക്രമം ഉണ്ടായെങ്കിൽ അതിനുള്ള കാരണവും കൂടി നോക്കേണ്ടതാണ്. പരിഭ്രാന്തരം ആയിരിക്കുന്ന ജനം എന്തൊക്കെ ചെയ്യുമെന്ന് പറയാൻ സാധിക്കില്ല. മുൻകൂട്ടി ആലോചിച്ചു ചെയ്യുന്ന കുറ്റകൃത്യവും പെട്ടെന്നുണ്ടാകുന്ന വികാരത്തിൽ ചെയ്യുന്ന കാര്യങ്ങളും തമ്മിൽ വലിയ വ്യത്യാസമുണ്ട്. ഒരു പ്രശ്നം ഉണ്ടാകുമ്പോൾ അധികാരികൾ എത്രയും വേഗം അതിൽ ഇടപെടുന്നുവോ അത്രയും വേഗത്തിൽ ആ പ്രശ്നം തീർക്കാൻ സാധിക്കും. ഒരു സംഘടനയുടെയും പേരിലല്ല മറിച്ച് സങ്കടത്തിന്റെ പേരിലാണ് വയനാട്ടിൽ ജനങ്ങൾ പ്രതിഷേധിച്ചതെന്നും ബിഷപ്പ് മാർ ജോസ് പൊരുന്നേടം വ്യക്തമാക്കി.
Discussion about this post