കൊൽക്കത്ത: ബിജെപി നേതാവ് സുവേന്ദു അധികാരിയ്ക്ക് സന്ദേശ്ഖാലി സന്ദർശിക്കാൻ അനുമതി. കൊൽക്കത്ത ഹൈക്കോടതിയാണ് പ്രദേശം സന്ദർശിക്കാൻ അനുമതി നൽകിയത്. ഇവിടെയെത്തിയ സുവേന്ദു അധികാരിയെയും ബിജെപി നേതാക്കളെയും പോലീസും തൃണമൂൽ നേതാക്കളും തടഞ്ഞിരുന്നു. ഇതിന് പിന്നാലെ ആയിരുന്നു സുവേന്ദു അധികാരി കോടതിയെ സമീപിച്ചത്.
എംഎൽഎ ശങ്കർ ഘോഷിനൊപ്പമായിരുന്നു സുവേന്ദു അധികാരി സന്ദേശ്ഖാലിയിൽ എത്തിയത്. എന്നാൽ ബോട്ടിൽ കയറുന്നതിനിടെ ഇവരെ പോലീസും തൃണമൂൽ പ്രവർത്തകരും തടയുകയായിരുന്നു. തിരികെ പോകാൻ ഇവരോട് ആവശ്യപ്പെട്ടു. ഇതോടെ തിരികെ മടങ്ങിയ സുവേന്ദു അധികാരിയും ശങ്കർ ഘോഷും അനുമതി ആവശ്യപ്പെട്ട് ഹർജി നൽകുകയായിരുന്നു. ഇതിന് മുൻപ് രണ്ട് തവണ അദ്ദേഹം സന്ദേശ്ഖാലി സന്ദർശിക്കാൻ ശ്രമിച്ചെങ്കിലും സമാന അനുഭവമായിരുന്നു ഉണ്ടായത്. ഇതിന്റെ കൂടി പശ്ചാത്തലത്തിലാണ് കോടതിയെ സമീപിക്കാൻ തീരുമാനിച്ചത്.
ഇരുവർക്കും മാത്രമാണ് സന്ദേശ്ഖാലിയിലേക്ക് പോകാൻ അനുമതിയുള്ളത്. ബിജെപി പ്രവർത്തകരുടെ അകമ്പടി പാടില്ലെന്നും കോടതി നിർദ്ദേശിച്ചിട്ടുണ്ട്. അനുമതി ലഭിച്ച സാഹചര്യത്തിൽ അദ്ദേഹം ഉടൻ സന്ദേശ്ഖാലിയിലെത്തും.
അതേസമയം പ്രദേശത്ത് തൃണമൂൽ നേതാവ് ഷാജഹാൻ ഷെയ്ഖിനെതിരെ ശക്തമായ പ്രതിഷേധം ഉയരുകയാണ്. ഇത്രയേറെ പ്രതിഷേധം ഉയർന്നിട്ടും ഷജഹാൻ ഷെയ്ഖിനെ അറസ്റ്റ് ചെയ്യാൻ പോലീസ് തയ്യാറായിട്ടില്ല. ഇതിൽ പോലീസിനെതിരെയും വിമർശനം ഉയരുന്നുണ്ട്.
Discussion about this post