വയനാട് : വന്യജീവി ആക്രമണങ്ങൾ തുടർക്കഥയായി ഇരിക്കുന്ന സാഹചര്യത്തിൽ കേന്ദ്ര വനം മന്ത്രി ഭൂപേന്ദർ യാദവ് വയനാട്ടിലേക്ക്. ബുധനാഴ്ചയാണ് കേന്ദ്ര വനം വകുപ്പ് മന്ത്രിയും സംഘവും വയനാട്ടിൽ എത്തുക . സംസ്ഥാന സർക്കാരിന്റെ കഴിവില്ലായ്മ മൂലമാണ് വന്യജീവി ആക്രമണങ്ങൾ തുടർക്കഥയാകുന്നതെന്നും പ്രശ്നപരിഹാരത്തിനായി കേന്ദ്രസർക്കാർ ഇടപെടണമെന്ന് ആവശ്യപ്പെട്ട് ബിജെപി സംസ്ഥാന അധ്യക്ഷൻ കെ സുരേന്ദ്രൻ ആവശ്യപ്പെട്ടതിനെ തുടർന്നാണ് കേന്ദ്ര വനംമന്ത്രി വയനാട് സന്ദർശിക്കാൻ ഒരുങ്ങുന്നത്.
വയനാട്ടിൽ എത്തുന്ന വനം മന്ത്രി ഭൂപേന്ദർ യാദവ് നിലവിലെ സ്ഥിതിഗതികൾ വിലയിരുത്തുകയും പ്രതിസന്ധി തരണം ചെയ്യാനുള്ള മാർഗങ്ങളെ കുറിച്ച് ചർച്ച നടത്തുകയും ചെയ്യുന്നതാണ്. വയനാട്ടിൽ വന്യജീവി ആക്രമണങ്ങളിൽ മരണപ്പെട്ടവരുടെ കുടുംബാംഗങ്ങളെയും കേന്ദ്രമന്ത്രി സന്ദർശിക്കും. കേന്ദ്ര വനം മന്ത്രിയുടെ സന്ദർശനവുമായി ബന്ധപ്പെട്ട് വ്യാഴാഴ്ച രാവിലെ വയനാട്ടിൽ സംഘടിപ്പിച്ചിട്ടുള്ള രണ്ട് അവലോകനയോഗങ്ങളിലും ഭൂപേന്ദർ യാദവ് പങ്കെടുക്കുന്നതാണ്.
ഇതിനിടെ വയനാട്ടിലെ വന്യജീവി ആക്രമണങ്ങളിൽ സംസ്ഥാന സർക്കാരിനെതിരെ ബിജെപി സംസ്ഥാന അധ്യക്ഷൻ കെ സുരേന്ദ്രൻ രൂക്ഷ വിമർശനം ഉന്നയിച്ചു. കേരളത്തിലെ മുഖ്യമന്ത്രിയും വനമന്ത്രിയും ഒക്കെ ഇപ്പോഴും 25 വർഷം പുറകിലാണ് ചിന്തിക്കുന്നത് എന്നും അവരുടെ എക്സ്പയറി ഡേറ്റ് കഴിഞ്ഞു എന്നും സുരേന്ദ്രൻ കുറ്റപ്പെടുത്തി. യാതൊരു നൂതന സംവിധാനങ്ങളും ഇല്ലാതെ വന്യജീവി ആക്രമണം നേരിടാൻ ഫലപ്രദമായ ഒന്നും തന്നെ സർക്കാർ നടത്തുന്നില്ലെന്നും കെ സുരേന്ദ്രൻ കുറ്റപ്പെടുത്തി.
Discussion about this post