കൊൽക്കത്ത: സന്ദേശ്ഖാലിയിൽ സ്ത്രീകൾക്കെതിരായ ത്രിണമൂൽ പ്രവർത്തകരുടെ അതിക്രമത്തിൽ പശ്ചിമ ബംഗാൾ സർക്കാരിന് നോട്ടീസ് അയച്ച് ദേശീയ മനുഷ്യാവകാശ കമ്മീഷൻ. രണ്ടാഴ്ച്ചക്കകം നോട്ടീസിന് മറുപടി നൽകാനാണ് നിർദേശം. പ്രദേശത്തെ പ്രശ്‌നങ്ങൾ അന്വേഷിച്ച് കൃത്യമായ റിപ്പോർട്ട് സമർപ്പിക്കാനാണ് നോട്ടീസിൽ ഉള്ളത്.
സന്ദേശ്ഖാലിയിൽ നടന്നുകൊണ്ടിരിക്കുന്ന സംഘർഷങ്ങളിൽ സർക്കാരിനെതിരെ കൊൽക്കത്ത ഹൈക്കോടതി കഴിഞ്ഞ ദിവസം രൂക്ഷ വിമർശനം ഉന്നയിച്ചിരുന്നു. സ്ത്രീകളുടെ നേരെ അതിക്രമങ്ങൾ നടത്തുന്ന തൃണമൂൽ കോൺഗ്രസ് നേതാവ് ഷെയ്ഖ് ഷാജഹാൻ ഒളിവിൽ തുടരുന്നത് അനുവദിക്കാനാവില്ലെന്നും ഇത്തരമൊരു പ്രതിയെ രക്ഷിക്കാൻ സർക്കാർ ശ്രമിക്കരുതെന്നുമായിരുന്നു കോടതിയുടെ വിമർശനം. സന്ദേശ്ഖാലി സന്ദർശിക്കാൻ അനുവാദം തേടി ബിജെപി നേതാവ് സുവേന്ദു അധികാരി സമർപ്പിച്ച ഹർജി പരിഗണിക്കവെ ആയിരുന്നു കോടതി വിമർശനം ഉന്നയിച്ചത്.
ഷാജഹാൻ ഒരു ജനപ്രതിനിധിയാണ്. ജനങ്ങൾക്ക് നന്മ ചെയ്യാൻ അയാൾ ബാദ്ധ്യസ്ഥനാണ്. ഷാജഹാൻ ജനങ്ങൾക്ക് ദ്രോഹം ചെയ്തതിന് പ്രഥമ ദൃഷ്ട്യാ തെളിവുകളുണ്ട്് ഒന്നുകിൽ അയാളെ പിടികൂടാൻ പോലീസിന് കഴിയുന്നില്ല, അല്ലെങ്കിൽ അയാൾ പോലീസിന്റെ അധികാര പരിധിക്കും പുറത്താണ്. സർക്കാർ അയാളെ പിന്തുണക്കരുതെന്നും കോടതി വ്യക്തമാക്കി. ഷാജഹാൻ ഒളിവിൽ കഴിയുമ്പോൾ തന്നെ പ്രദേശത്ത് നിരോധനാജ്ഞ പ്രഖ്യാപിച്ചതിനെയും കോടതി ചോദ്യം ചെയ്തു.
ഇന്നലെ എംഎൽഎ ശങ്കർ ഘോഷിനൊപ്പം സന്ദേശ്ഖാലിയിലെത്തിയ സുവേന്ദു അധികാരിയെ പോലീസും ടിഎംസി പ്രവർത്തകരും ചേർന്ന് തടഞ്ഞിരുന്നു. ഇവിടെ നിന്നും മടങ്ങിയ ബിജെപി നേതാക്കൾ പിന്നീട് കോടതിയെ സമീപിക്കുകയായിരുന്നു. ഇതിന് മുൻപും പ്രദേശത്ത് എത്തിയ നേതാക്കൾക്ക് സമാന അനുഭവം ഉണ്ടായിരുന്നു. ഇതിന്റ പശ്ചാത്തലത്തിൽ ശങ്കർ ഘോഷിനും സുവേന്ദു അധികാരിക്കും സന്ദേശ്ഖാലിയിലേക്ക് പോകാൻ കോടതി അനുമതി നൽകി.
Discussion about this post